വൈക്കം: ഇരുപത്തിയേഴ് വേൾഡ് റെക്കോർഡുകൾ സംഘടിപ്പിച്ച് വിജയിപ്പിച്ച് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടംപിടിച്ച് വൈക്കം സ്വദേശിയും കൃഷിവകുപ്പ് ജീവനക്കാരനുമായ ഷിഹാബ് കെ സൈനു.
ചുരുങ്ങിയ മൂന്നു വർഷക്കാലയളവ് കൊണ്ട് 5 വയസ്സു മുതൽ 65 വയസ്സുവരെയുള്ള വിവിധ പ്രായത്തിലുള്ളവരും ശാരീരിക പരിമിതികൾ ഉള്ളവരും ഉൾപ്പെടെ 26 പേരെ കൊണ്ട് വിവിധ ഇനങ്ങളിൽ വൈക്കം നഗരസഭയുടെ സഹകരണത്തോടുകൂടി വേമ്പനാട്ടുകായലിന് കുറുകെ നീന്തികയറി വേൾഡ് റെക്കോഡുകളിൽ ഇടംപിടിക്കുവാനുള്ള പ്രോഗ്രാമുകൾ സംഘടിപ്പിച്ച് ചരിത്രം സൃഷ്ടിച്ചാണ് ഈ റെക്കോർഡിന് അർഹനായത്.
കൂടാതെ ഹുലാ ഹൂപ്പ് ഇനത്തിലും ഒരു വേൾഡ് റെക്കോർഡ് സൃഷ്ടിക്കാൻ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. വൈക്കത്തിന്റെ സാമൂഹിക പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ ഷിഹാബ് കെ സൈനുവിന് മുൻ ഇന്ത്യൻ പ്രസിഡന്റ് ഡോക്ടർ എപിജെ അബ്ദുൽകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ 2024ലെ മികച്ച സാമൂഹിക പ്രവർത്തകനും സംഘാടകനുമുള്ള കേരളീയം പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.