വന്യമൃഗ ശല്യം : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ 7.20 കോടി രൂപയുടെ സമ്പൂർണ്ണ സുരക്ഷിതത്വ ക്രമീകരണം

Estimated read time 1 min read

മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കോരുത്തോട്, എരുമേലി, മുണ്ടക്കയം പഞ്ചായത്തുകളിലായി ഏകദേശം 30 കിലോമീറ്ററിലധികം ദൂരത്തിൽ വനമേഖലയും, കൃഷിഭൂമിയുമായി അതിർത്തി പങ്കിടുന്നുണ്ട്. ഇതിൽ നിലവിൽ ഏഴ് കിലോമീറ്റർ ദൂരത്തിൽ മാത്രമാണ് സോളാർ ഫെൻസിങ് ഉള്ളത്. ഇതിൽ തന്നെ പല പ്രദേശങ്ങളിലും സോളാർ ഫെൻസിങ് പ്രവർത്തനരഹിതവുമാണ്.

സമീപകാലത്തായി വന്യ മൃഗ ശല്യം അതിരൂക്ഷമാവുകയും നൂറുകണക്കിന് ഏക്കറിലെ കൃഷികൾ വന്യമൃഗങ്ങൾ നശിപ്പിക്കുകയും , കണമലയിൽ കാട്ടുപോത്ത് ആക്രമണത്തിൽ രണ്ടാളുകൾ മരിക്കാൻ ഇടയാവുകയും,പല പ്രദേശങ്ങളിലും വന്യമൃഗ ആക്രമണം മൂലം ആളുകൾക്ക് പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു.

പുലിക്കുന്നിൽ ജനവാസ മേഖലയിൽ നിന്നും പുലിയെ കൂട് വെച്ച് പിടിക്കുകയും ചെയ്തിരുന്നു. പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വച്ചും പിടികൂടിയിരുന്നു.

കാട്ടാന ശല്യം മൂലം നിയോജകമണ്ഡലത്തിലെ ഒട്ടേറെ ഗ്രാമങ്ങളിൽ ജന ജീവിതം ദുസഹമായിരിക്കുകയാണ്. ഇപ്രകാരം മനുഷ്യ-വന്യജീവി സംഘർഷം മൂലം വനമേഖലയുമായി ബന്ധപ്പെട്ട പ്രദേശത്തെ ജനങ്ങൾ വലിയ ദുരിതത്തിൽ ആയതിനെ തുടർന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് വന മേഖലയുമായി അതിർത്തി പങ്കിടുന്ന കൃഷിഭൂമികളും, ജനവാസ മേഖലകളും പൂർണ്ണമായും സംരക്ഷിക്കത്തക്ക നിലയിൽ നിലവിലുള്ള സോളാർ ഫെൻസിങ്ങുകളുടെ അറ്റകുറ്റപ്പണികൾ നടത്തുക, പുതിയ സോളാർ ഫെൻസിങ്ങുകൾ, ഹാങ്ങിങ് ഫെൻസിങ്ങുകൾ, കിടങ്ങുകൾ മുതലായവ സ്ഥാപിച്ച് കൃഷിഭൂമിക്കും മനുഷ്യജീവനും സംരക്ഷണം ഒരുക്കുന്നതിനുള്ള വിശദമായ പദ്ധതി തയ്യാറാക്കി വനം വകുപ്പിൽ സമർപ്പിച്ച് അംഗീകാരം നേടിയെടുക്കുകയായിരുന്നു.

ഇതുപ്രകാരം 7 കോടി 20 ലക്ഷം രൂപയാണ് പദ്ധതിക്കായി ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ഇതിലേക്കായി വനം വകുപ്പിന്റെ പ്ലാൻ ഫണ്ട്, നബാർഡ് ഫണ്ട്, കൃഷിവകുപ്പിന്റെ കൃഷി സംരക്ഷണത്തിനായുള്ള രാഷ്ട്രീയ കൃഷി വികാസ് യോജന മുഖേനയുള്ള ഫണ്ടുകൾ എന്നിവ ഉപയോഗപ്പെടുത്തിയാണ് സമ്പൂർണ്ണ സംരക്ഷണ സംവിധാനം ഒരുക്കുന്നതെന്നും എംഎൽഎ അറിയിച്ചു.

കൃഷിവകുപ്പ് വന്യമൃഗ ശല്യത്തിൽ നിന്നും കൃഷിയെ സംരക്ഷിക്കുന്നതിനുള്ള പദ്ധതിക്ക് വേണ്ടി തുക വിനിയോഗിക്കുന്നത് ആദ്യമായിട്ടാണ്. ഇക്കാര്യത്തിന് കൃഷി വകുപ്പ് മന്ത്രിയുമായി പ്രത്യേകം ചർച്ച നടത്തി പ്രത്യേക അനുമതി നേടിയെടുക്കുകയായിരുന്നു എന്നും എംഎൽഎ കൂട്ടിച്ചേർത്തു. പദ്ധതികൾ ഇതിനോടകം തന്നെ തുടക്കം കുറിച്ചു കഴിഞ്ഞു.

ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതിയിലൂടെ വനമേഖലയും ജനവാസമേഖലയുമായി അതിർത്തി പങ്കിടുന്ന പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ അഴുതക്കടവ്, കാളകെട്ടി, കണ്ടങ്കയം, മതമ്പ , കണ്ണാട്ട് കവല , പന്നിവെട്ടുംപാറ, കൊമ്പുകുത്തി, മഞ്ഞളരുവി, കുളമാക്കൽ, വണ്ടൻപതാൽ, കരിനിലം, പുലിക്കുന്ന്, കണ്ണിമല, മമ്പാടി എസ്റ്റേറ്റ്, പാക്കാനം, ചീനി മരം, പായസപ്പടി, എലിവാലിക്കര, ശാന്തിപുരം, മൂന്നോലി എസ്റ്റേറ്റ്, കീരിത്തോട് , കൊപ്പം, ഇരുമ്പൂന്നിക്കര, തുമരംപാറ, കോയിക്കക്കാവ് തുടങ്ങി വനമേഖലയുമായി അതിർത്തി പങ്കിടുന്ന എല്ലാ വനവാസ പ്രദേശങ്ങളിലും ഓരോ പ്രദേശങ്ങളുടെയും സാഹചര്യങ്ങൾക്ക് അനുസൃതമായി സോളാർ ഫെൻസിങ്ങ്, ഹാങ്ങിങ് ഫെൻസിങ്ങ് , കിടങ്ങ് തുടങ്ങിയവ ക്രമീകരിക്കപ്പെട്ടിട്ടുണ്ടെന്നും പദ്ധതി പൂർത്തീകരിക്കുന്നതോടെ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ കാർഷിക മേഖലകളും, മനുഷ്യജീവനും വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും എംഎൽഎ കൂട്ടിച്ചേർത്തു.

വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നത് ഉൾപ്പെടെയുള്ള ശാശ്വത പരിഹാരത്തിനായി കേന്ദ്ര വന്യജീവി നിയമം കാലോചിതമായി പരിഷ്കരിക്കുന്നതിന് പ്രക്ഷോഭം ആരംഭിക്കുമെന്നും കേന്ദ്ര ഗവൺമെന്റിൽ സമ്മർദം ചെലുത്തുമെന്നും എംഎൽഎ അറിയിച്ചു.

You May Also Like

More From Author

+ There are no comments

Add yours