വെള്ളികുളം :സ്വാതന്ത്ര്യ സ്മരണ പുതുക്കി വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഭാരത മണ്ണിനെ വൈദേശിക ആധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യസമരസേനാനികൾ സമരവീര്യ പോരാട്ടത്തിലൂടെ നേടിയെടുത്ത ചരിത്രമാണ് നമ്മുടേത്.
ബ്രിട്ടീഷ് പട്ടാളക്കാരുടെ തോക്കിനു മുമ്പിൽ നെഞ്ചുവിരിച്ച് ജയ് ഭാരത് മാതാ കീ എന്ന് വിളിച്ച് കറയറ്റ ദേശസ്നേഹവും ത്യാഗോജ്വലമായ ആത്മസമർപ്പണവും നടത്തിയവരാണ് സ്വാതന്ത്ര്യ സമര പോരാളികൾ എന്ന് സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം ഓർമ്മപ്പെടുത്തി.
ഭാരതത്തിൻറെ ഭാവി തലമുറ എന്ന നിലയിൽ വിദ്യാർത്ഥികൾ ദേശസ്നേഹം ഉള്ളവരും നാടിൻ്റെ വികസനത്തിൽ പങ്കുചേരുന്നവരും ആകണമെന്ന് സ്കൂൾ മാനേജർ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു .ഫാ. സ്കറിയ വേകത്താനം ദേശീയ പതാക ഉയർത്തി. പിടിഎ പ്രസിഡൻ്റ് ആൻ്റണി കെ. ജെ,ഹെഡ്മാസ്റ്റർ സോജൻ ജോർജ് ഇളംതുരുത്തിയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
സ്കൂളിലെ വിദ്യാർത്ഥികൾ, ജെ ആർ സി , ഗൈഡിങ് എന്നിവരുടെ നേതൃത്വത്തിൽ ദേശഭക്തിഗാനം, മൈം , വിവിധ കലാപരിപാടികൾ എന്നിവ നടത്തപ്പെട്ടു. ജോമി ആന്റണി കടപ്ലാക്കൽ, സിനി ജയിംസ് വളയത്തിൽ, സിസ്റ്റർ ഷാനി റോസ് താന്നിപ്പൊതിയിൽ, സിസ്റ്റർ ഷാൽബി മുകളേൽ, ഹണി സോജി കുളങ്ങര, സോജൻ കുഴിത്തോട്ട് , ബിജു മാത്യു കാപ്പിലിപ്പറമ്പിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.