വാകക്കാട്: കൗമാരക്കാരെ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും വെല്ലുവിളികൾ നേരിടുന്നതിനും പ്രാപ്തരാക്കാൻ ഉതകുന്ന വിദ്യാഭ്യാസം നൽകണമെന്ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻ മരിയ അമൽ പറഞ്ഞു. വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ കൗമാര വിദ്യാഭ്യാസവും കഴിവുകളും എന്ന വിഷയത്തിൽ നടത്തിയ ബോധവൽക്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
10 മുതൽ 19 വയസ്സുവരെയുള്ള കാലഘട്ടം ശാരീരികവും മാനസികവും സാമൂഹികവുമായ സങ്കീർണ്ണ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന കൗമാരപ്രായമാണെന്നും ഇവർക്ക് ശരിയായ പോഷകാഹാരം, പ്രത്യുൽപാദന ആരോഗ്യം, ജീവിത നൈപുണ്യങ്ങൾ, മാനസികാരോഗ്യം, എന്നിവയിൽ ശാസ്ത്രീയ അവബോധം നൽകുന്ന കൗമാര വിദ്യാഭ്യാസം കൊടുക്കേണ്ടതിന്റെ ആവശ്യകതയും ആൻ മരിയ ചൂണ്ടിക്കാണിച്ചു.
ജീവിതകാലം മുഴുവൻ പഠിതാക്കളാകാനും, ഉൽപ്പാദനപരമായ ജോലി ഉറപ്പാക്കാനും, അറിവുള്ള തീരുമാനങ്ങൾ എടുക്കാനും, അവരുടെ സമൂഹങ്ങളിൽ ക്രിയാത്മകമായി ഇടപഴകാനും കൗമാരക്കാർക്ക് ആവണമെന്നും ആൻ മരിയ ഉദ്ബോധിപ്പിച്ചു.
വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ ടീൻസ് ക്ലബ്ബ്, റെഡ് ക്രോസ്സ്, ലിറ്റിൽ കൈറ്റ്സ്, ഗൈഡിങ്, ആൻ്റി നർക്കോട്ടിക് ക്ലബ്ബ് എന്നിവ സംയുക്തമായാണ് കൗമാര വിദ്യാഭ്യാസവും കഴിവുകളും എന്ന പ്രോഗ്രാം സംഘടിപ്പിച്ചത്.





