thalanad

തലനാടൻ ഗ്രാമ്പുവിന് ഭൗമസൂചിക പദവി; ദേശീയ – അന്തർദേശീയ വിപണികളിൽ പ്രിയമേറും

തലനാട് : സുഗന്ധവിളകളിൽ പ്രധാനിയും പാചക മസാലക്കൂട്ടുകളിൽ ഒഴിച്ചുകൂടാനാവാത്തതുമായ കരയാമ്പൂ എന്ന തലനാടൻ ഗ്രാമ്പുവിന് കൃഷി വകുപ്പിന്റെയും കേരള കാർഷിക സർവ്വകലാശാലയുടെയും സംയുക്ത ഇടപെടലിലൂടെ സവിശേഷ വിളകൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഭൗമസൂചിക പദവി ലഭിച്ചു.

പ്രാദേശികമായ പ്രത്യേകതകളാൽ ഉന്നത ഗുണനിലവാരത്തിലും ഔഷധഗുണങ്ങളാൽ സമ്പുഷ്‌ടവുമായ തലനാടൻ ഗ്രാമ്പുവിന് ഇനി ദേശിയ-അന്തർദേശിയ വിപണികളിൽ പ്രീയമേറും. കോട്ടയം മീനച്ചിൽ താലൂക്കിലെ മലമ്പ്രദേശമായ തലനാട് ഗ്രാമപഞ്ചായത്ത്, സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ ഗ്രാമ്പു കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയോട് കൂടിയ സ്ഥിതിചെയ്യുന്ന പ്രദേശമാണ്.

നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ തലനാടിന്റെ മണ്ണിലേക്ക് അതിഥിയായി എത്തിയ ഗ്രാമ്പുവിനെ ഇവിടത്തുകാർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. തലനാടൻ ക്ലോവ് ഗ്രോവേഴ്സ് ആൻഡ് പ്രോസസ്സിംഗ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഗ്രാമ്പുവിന്റെ സംഭരണം, സംസ്കരണം, ഗ്രേഡിംഗ്, വിപണനം തുടങ്ങിയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

വിളവെടുക്കുന്ന ഗ്രാമ്പു മൊട്ടിന്റെ ആകർഷകമായ നിറം, ഗുണമേന്മയിലെയും വലിപ്പത്തിലെയും സവിശേഷതകൾ എന്നിവയാണ് തലനാടൻ ഗ്രാമ്പുവിനെ വിപണിയിൽ വ്യത്യസ്തനാക്കുന്നത്.

വിളവെടുക്കുന്ന മൊട്ടിന്റെ ഗുണമേന്മയും വിപണിയിലെ സ്വീകാര്യതയും മനസിലാക്കി മികച്ച വില നൽകി സംഭരിക്കാൻ സ്ഥിരം ഉപഭോക്താക്കളും ഇവിടത്തെ ഗ്രാമ്പുവിന് ഉണ്ട്.

വിളവെടുപ്പ് കാലമായ ഡിസംബർ-ജനുവരി കാലത്തെ തലനാട് പ്രദേശത്തെ സവിശേഷമായ കുറഞ്ഞ താപനിലയും വിളവെടുത്ത ഗ്രാമ്പുവിൽ നിന്നുള്ള ഓയിൽ നഷ്‌ടം കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങളും സർവ്വേകളും വെളിപ്പെടുത്തുന്നു.

കേരള കാർഷിക സർവകലാശാലയിൽ നടത്തിയ വിശദമായ പരിശോധനയിൽ തലനാടൻ ഗ്രാമ്പുവിൽ വിപണി വില നിർണ്ണയിക്കുന്ന എസ്സൻഷ്യൽ ഓയിൽ ഘടകങ്ങളായ യൂജിനോൾ (49.95-73.67%), കാരിയോഫിലിൽ (13.44%) എന്നിവയുടെ അളവ് മറ്റു പ്രദേശങ്ങളിലേതിനേക്കാൾ ഉയർന്ന തോതിലാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

കോട്ടയത്തെ തലനാട്, മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളിലായാണ് പ്രധാനമായും ഗ്രാമ്പു കൃഷി ചെയ്ത് വരുന്നത്. ഭൗമസൂചിക പദവി ലഭിച്ചതിന് പിന്നാലെ തലനാടൻ ഗ്രാമ്പു എന്ന ബ്രാൻഡിൽ വിപണിയിൽ എത്തിക്കാൻ നടപടികൾ ആരംഭിച്ചതായി തലനാടൻ ക്ലോവ് ഗ്രോവേഴ്സ് ആൻഡ് പ്രോസസ്സിംഗ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് ശ്രീ ബാബു പി എസ്, തലനാട് കൃഷി ഓഫീസർ അജ്മൽ പി എം എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *