തീക്കോയി :തീക്കോയി ഗ്രാമപഞ്ചായത്തിലെ തീക്കോയി ആറിന് കുറുകയുള്ള പള്ളിവാതിൽ ചെക്ക് ഡാമിന്റെ മെയിന്റനൻസ് ജോലികൾക്കുള്ള ടെണ്ടർ നടപടികൾ പൂർത്തിയായി. 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ഘട്ടങ്ങളിലായി 6 ലക്ഷം രൂപ ചെക്ക് ഡാം മെയിന്റനൻസ് ജോലികൾക്കായി ഗ്രാമപഞ്ചായത്ത് അനുവദിച്ചിരുന്നു.
2003 ൽ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് നിർമ്മിച്ചതാണ് ഈ ചെക്ക് ഡാം. കാലപ്പഴക്കം കൊണ്ട് ചെക്ക് ഡാം മുഴുവൻ പൊട്ടിപ്പൊളിഞ്ഞിരുന്നു. ഗ്രാമപഞ്ചായത്ത് സമയാസമയങ്ങളിൽ ഷട്ടർ മെയിന്റനൻസ് ചെയ്ത് അടയ്ക്കുകയും തുറക്കുകയും ചെയ്തു വരുന്നു.
എന്നാൽ ചെക്ക് ഡാം പൊളിഞ്ഞതോടുകൂടി വലിയതോതിൽ ചോർച്ച സംഭവിച്ചത് കൊണ്ട് ജലം സംഭരിക്കുവാൻ ബുദ്ധിമുട്ടായി. കൂടാതെ ചെക്ക് ഡാമിൽ കനത്തതോതിൽ ചെളിയും എക്കലും മണലും അടിഞ്ഞുകൂടി ജലസംഭരണ ശേഷി കുറഞ്ഞിരുന്നു.

ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട ജലസ്രോതസ്സാണ് ഈ ചെക്ക് ഡാം. ആറു വാർഡുകളിലേക്കുള്ള ജലനിധി പദ്ധതികൾ ഈ ചെക്ക് ഡാമിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.
ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ അനുമതിയോടുകൂടിയാണ് ചെക്ക് ഡാം മെയിന്റനൻസ് ചെയ്യുന്നതെന്നും ജോലികൾ ഉടൻ ആരംഭിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.