വാകക്കാട് : സാമൂഹിക വികസനത്തിന് ഉപയുക്തമാകുന്ന പ്രായോഗികമായ നൂതനാശയങ്ങൾ സമൂഹത്തിന് കൊടുക്കാൻ വിദ്യാർത്ഥികൾ പ്രാപ്തി നേടണമെന്ന് ജോസ് കെ മാണി എംപി.
വിദ്യാർത്ഥികൾ തങ്ങളുടെ അഭിരുചിയും താല്പര്യവും തിരിച്ചറിഞ്ഞ് ശരിയായ മേഖല തെരഞ്ഞെടുത്ത് ആത്മാഥമായി പ്രവർത്തിച്ചുവെങ്കിൽ മാത്രമേ നല്ല വിജയം കൈവരിക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിലെ മികവുത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂളിലെ പൂർവവിദ്യാർത്ഥിയും ആർട്ടിഫിഷ്യൽ ആൻഡ് കമ്പ്യൂട്ടേഷണൽ ഇൻറലിജൻസ് ഫാക്കൽറ്റിയും കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജ് അധ്യാപികയുമായ ഡോ. ആഷ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
റേഡിയൻ്റ് ലൈഫ് എന്ന പേരിൽ സ്കൂൾ നടപ്പിലാക്കിയ നവീന രീതിയിലുള്ളതും നൂതനാശയങ്ങളുള്ളതുമായ പ്രവർത്തനങ്ങൾ തിരുവനന്തപുരം എസ് സി ഇ ആർ ടി യിൽ അവതരിപ്പിച്ച അധ്യാപകരായ മനു ജെയിംസ്, ജോസഫ് കെ വി, മനു കെ ജോസ്, രാജേഷ് മാത്യു, അലൻ മാനുവൽ അലോഷ്യസ് എന്നിവർ ചേർന്ന് മികവിൻ്റെ പുരസ്കാരം ജോസ് കെ മാണി എംപിയിൽ നിന്ന് ഏറ്റുവാങ്ങി.
കോട്ടയം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം കരസ്ഥമാക്കിയ വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂൾ യൂണിറ്റ് അംഗങ്ങളെ അനുമോദിക്കുകയും ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മനു കെ ജോസ്, മിസ്ട്രസ് ജൂലിയ അഗസ്റ്റിൻ എന്നിവരെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.
എസ്എസ്എൽസിക്ക് മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഷീൽഡുകളും മെഡലുകളും വിതരണം ചെയ്തു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിജു സോമൻ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസഫ്, ഗ്രാമപഞ്ചായത്ത് മെമ്പർ അലക്സ് ടി ജോസ്, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്, പിടിഎ പ്രസിഡൻ്റ് റോബിൻ എപ്രേം, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, സ്റ്റാഫ് സെക്രട്ടറി മനു കെ ജോസ് എന്നിവർ പ്രസംഗിച്ചു.