kunnonni

ധന്യനിമിഷങ്ങൾക്കു സാക്ഷിയായി ഗുരുദേവ ക്ഷേത്രത്തിലെ അഷ്‌ടബന്ധ കലശം

കുന്നോന്നി: എസ്.എൻ.ഡി.പി യോഗം കുന്നോന്നി ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശത്തിന്റെ ധന്യ നിമിഷങ്ങൾക്ക് സാക്ഷിയാകാൻ ശ്രീനാരായണ ഗുരുദേവൻ നേരിട്ട് പേരിട്ട കുറ്റിക്കാട്ട് (പാലംപറമ്പിൽ) സുശീലാമ്മ എത്തിയത് അപൂർവ നിമിഷങ്ങൾ സമ്മാനിച്ചു.

സനത്ത് തന്ത്രിയുടെ കാർമ്മികത്വത്തിൽ അഷ്ടബന്ധം ചാർത്തി കലശാഭിഷേകം നടത്തിയ ഭഗവാൻ്റെ ദിവ്യ ചൈതന്യം വർധിപ്പിക്കുന്ന ചടങ്ങിൽ ഗുരുദേവന്റെ അനുഗ്രഹം സിദ്ധിച്ച 100 വയസിന്റെ പടിവാതിലിൽ എത്തി നിൽക്കുന്ന സുശീലാമ്മയുടെ സാന്നിധ്യം ഭക്‌തർക്ക് പുണ്യ നിമിഷങ്ങളായി.

ഗുരുദേവക്ഷേത്രത്തിൽ എത്തിയ സുശീലാമ്മയെ ക്ഷേത്രം തന്ത്രി സനത്ത് പൊന്നാടയണിച്ച് സ്വീകരിച്ചു. യശ:ശരീരരായ പൂഞ്ഞാർ കാർത്തികേയൻ തന്ത്രിയുടെയും ബാബു നാരായണൻ തന്ത്രിയുടെയും കാർമ്മികത്വത്തിൽ പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത്.

1927 ജൂൺ ഏഴിനാണ് ശ്രീനാരായണ ഗുരുദേവൻ പൂഞ്ഞാറിൽ എത്തിയത്. പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിൽ സുബ്രഹ്‌മണ്യ ഭഗവാനെ സങ്കൽപ്പിച്ച് വേൽ പ്രതിഷ്ഠ നടത്തി. ക്ഷേത്രത്തിന് ആകൽപ്പാന്ത പ്രശോഭിനി ക്ഷേത്രമെന്ന് നാമകരണം ചെയ്തതും ശ്രീനാരായണ ഗുരുദേവനാണ്.

പൂഞ്ഞാറിൽ ഗുരുദേവൻ എത്തിയ ദിവസമാണ് പൂഞ്ഞാർ പയ്യാനിത്തോട്ടം വേലംപറമ്പിൽ വി.ഐ. കൃഷ്ണൻ- നാരായണി ദമ്പതികളുടെ മകൾക്ക് സുശീല എന്ന് ഗുരുദേവൻ നാമകരണം ചെയ്തത്.

അന്നേ ദിവസം വേലംപറമ്പിൽ കുടുംബത്തിലെ മറ്റൊരു കുഞ്ഞിന് സുരേന്ദ്രൻ എന്നും പേരിട്ടു നൽകിയിരുന്നു. സുശീലയ്ക്ക് അഞ്ച് സഹോദരങ്ങളായിരുന്നു. ഒരു സഹോദരൻ മാത്രമാണ് ഇപ്പോൾ ജീവിച്ചിരുന്നത്.

ശ്രീനാരായണ ഗുരുദേവനിൽ നിന്നും നേരിട്ട് അനുഗ്രഹം സിദ്ധിച്ചവരിൽ പൂഞ്ഞാറിൽ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് തികഞ്ഞ ഗുരുദേവ ഭക്തയായ സുശീലാമ്മ. പതിമൂന്നാമത്തെ വയസിലാണ് പയ്യാനിത്തോട്ടം വേലംപറമ്പിൽ കുടുംബത്തിൽ നിന്നു കുന്നോന്നി കുറ്റിക്കാട്ട് രാഘവൻ നാരായണന്റെ ഭാര്യയായി എത്തുന്നത്. രാഘവൻ-സുശീല ദമ്പതികൾക്ക് 12 മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *