അധ്യയന വർഷാരംഭത്തിന് മുന്നോടിയായി കോട്ടയം താലൂക്കിലെ സ്‌കൂൾ/ കോളജ് ഡ്രൈവർമാർക്കും അറ്റൻഡർമാർക്കുമുള്ള റോഡ് സുരക്ഷാ ബോധവൽക്കരണ ഏകദിന ശിൽപശാല മാന്നാനം കെ.ഇ. സ്‌കൂളിൽ സംഘടിപ്പിച്ചു.
കോട്ടയം ജോയിന്റ് ആർ.ടി.ഒ. അനീന വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. കെ.ഇ. സ്‌കൂൾ പ്രിൻസിപ്പൽ ഫാദർ ഡോ. ജെയിംസ് മുല്ലശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആശാ കുമാർ ആശംസകൾ അർപ്പിച്ചു.
വിവിധ സ്‌കൂളുകളിൽനിന്നു മുന്നൂറുപേർ പങ്കെടുത്തു. റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസിന് കോട്ടയം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ റോഷൻ സാമുവേൽ നേതൃത്വം നൽകി.
സ്‌കൂൾ വാഹനങ്ങളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട അഗ്നിശമന ഉപകരണത്തിന്റെ പ്രവർത്തിയെക്കുറിച്ചും അഗ്നിസുരക്ഷയെക്കുറിച്ചുമുള്ള ക്ലാസുകൾക്ക് എൻഫോഴ്സ്മെന്റ് വിഭാഗം അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ജോർജ് വർഗീസ് നേതൃത്വം നൽകി.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.ആർ. രജീഷ്, മെൽവിൻ ക്ളീറ്റസ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ഉമാനാഥ്, ശ്രീകുമാർ, ടിനിഷ്, നിഖിൽ എന്നിവർ പങ്കെടുത്തു.