ഈരാറ്റുപേട്ട: നാടിന്റെ നന്മക്ക് നമ്മളൊന്നാകണം എന്ന മുദ്രാവാ ക്യമുയർത്തി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര ഇന്ന് (26 ശനി) കോട്ടയം ജില്ലയിൽ പര്യടനം നടത്തും.
എരുമേലിയിൽ പദയാത്രയുടെ ജില്ലാ കൺവീനർ സുനിൽ ജാഫറിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകീട്ട് പ്രസിഡന്റിനെയും ജാഥ അംഗങ്ങളെയും സ്വീകരിച്ചു. ഇന്ന് രാവിലെ 10 ന് മുണ്ടക്കയം കൃപ ഓഡിറ്റോറിയത്തിൽ ഭൂ സമര പോരാളികളുടെ സംഗമം.
ഉച്ചക്ക് 2.30ന് കാഞ്ഞിരപ്പള്ളി റാണി ആശുപത്രിക്ക് സമീപത്തു നിന്ന് പദയാത്ര പര്യടനം ആരംഭിക്കും. ജില്ലാ, മണ്ഡലം ഭാരവാഹികളും ബഹുജന സംഘടന നേതാക്കളും പങ്കാളികളാകും. പൊതു സമ്മേളനം പേട്ട കവലയിൽ സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് ഷാജഹാൻ ആത്രച്ചേരി അധ്യക്ഷത വഹിക്കും.
വൈകീട്ട് അഞ്ചിന് ഈരാറ്റുപേട്ട എം.ഇ.എസ് ജങ്ഷനിൽനിന്ന് പദയാത്ര ആരംഭിക്കും. തുടർന്ന് മുട്ടം ജങ്ഷനിൽ സമാപന പൊതുസമ്മേളനം നടക്കും. പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് കെ.എച്ച്. ഫൈസൽ അധ്യ ക്ഷത വഹിക്കും. ജില്ല പ്രസിഡന്റ് കെ.കെ.എം. സാദിഖ് മുഖ്യപ്രഭാഷണം നടത്തും.
സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്, സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ, ഷംസീർ ഇബ്രാഹിം തുടങ്ങിയവർ പങ്കെടുക്കും. പദയാത്രയോടനുബന്ധിച്ച് സംസ്ഥാന പ്രസിഡന്റ് ജില്ലയിലെ സാമുദായിക രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ചയും സ്നേഹവിരുന്നും നടത്തും.