പാലാ: തുടരെ വാഹനാപകടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഏറ്റുമാനൂർ – പൂഞ്ഞാർ സംസ്ഥാന പാതയിലെ പുലിയന്നൂർ പാലo ഭാഗത്ത് റോഡിന് നടുവിലുള്ള ഡിവൈഡർ പൊളിച്ച് നീക്കുമെന്ന് പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ രേഖാമൂലം അറിയിച്ചതായി നഗരസഭാ ചെയർമാൻ ഷാജു.വി.തുരുത്തൻ അറിയിച്ചു.
പുലിയന്നൂർ ഭാഗത്തെ അപകട കരമായ സ്ഥിതിയ്ക്ക് ശാസ്ത്രീയമായ നടപടികൾ സ്വീകരിച്ച് റോഡ് സുരക്ഷ ഉറപ്പുവരുത്തുവാൻ സത്വര ഇടപെടൽ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് പി.ഡബ്ല്യു.ഡി. അധികൃതർ ഡിവൈഡർ പൊളിച്ചു നീക്കുവാൻ നടപടി സ്വീകരിച്ചതായി കത്ത് മുഖേന അറിയിച്ചത്.
ഇവി ടെ വൺവേ നടപ്പാക്കിയതിനെ തുടർന്ന് അപകട നിരക്ക് വളരെ കുറഞ്ഞിരുന്നു.ഡിവൈഡർ നീക്കം ചെയ്യുന്നതിന്റെ ഭാഗമായിപി .ഡബ്ല്യു .ഡി അസിസ്റ്റന്റ് എൻജിനീയർ എം ആർ അനു ഓവർസിയർ കെ ആര്യ എന്നിവർ സ്ഥലം പരിശോധിച്ചു.പൊളിച്ചു നീക്കുന്ന ഭാഗത്ത് ടാർ ചെയ്ത് സുരക്ഷിതമാക്കും. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ആണ് പാലം കൈവരി പൊളിച്ചു നീക്കാൻ പ്രവർത്തി ക്രമീകരിച്ചിരിക്കുന്നത്.
ഡിവൈഡർ നാളെ പൊളിച്ചു നീക്കുവാനാണ് തീരുമാനം. നാറ്റ്പാക് ഡിസൈൻ പ്രകാരമുള്ള റോഡ് സുരക്ഷാ ക്രമീകരണങ്ങൾക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് അധികൃതരെ സമീപിച്ചിട്ടുള്ളതായും ചെയർമാൻ പറഞ്ഞു.മരിയൻ ജംഗ്ഷനിലെ അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കൽ തർക്ക കേസിൽ തീർപ്പ് ഉണ്ടാക്കുന്നതിലേക്ക് നഗരസഭയും കക്ഷി ചേരുവാൻ തീരുമാനിച്ചിട്ടുണ്ട് എന്നും ഷാജു തുരുത്തൻ അറിയിച്ചു.