pravithanam

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വീക്ഷിക്കാൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ

പ്രവിത്താനം : പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ വ്യത്യസ്തമായി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അതേ രീതിയിൽ പിന്തുടർന്നാണ് സ്കൂളിലെ ഈ വർഷത്തെ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തിയത്.

കൈവിരലിൽ മഷി പുരട്ടി, പോളിംഗ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ, ബൂത്തിൽ വോട്ടിംഗ് മെഷീനിൽ വോട്ട് ചെയ്യാനുള്ള അവസരം കുട്ടികൾ ആവേശത്തോടെ വിനിയോഗിച്ചു. പാഠപുസ്തകത്താളുകളിൽ പഠിച്ച വോട്ടെടുപ്പിന്റെ നടപടിക്രമങ്ങൾ പാലിച്ചു വോട്ട് ചെയ്തപ്പോൾ വിദ്യാർത്ഥികൾക്ക് അതൊരു പുതിയ അനുഭവമായി.

വോട്ടെടുപ്പ് വീക്ഷിക്കാൻ തങ്ങളുടെ എം.എൽ.എ. യുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ എത്തിയത് കുട്ടികളുടെ ആവേശം ഇരട്ടിപ്പിച്ചു. മാണി സി.കാപ്പൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് മെമ്പർമാരായ രാജേഷ് വാളിപ്ലാക്കൽ, നിർമ്മല ജിമ്മി, ഗ്രാമപഞ്ചായത്തു മെമ്പർ സ്മിതാ ഗോപാലകൃഷ്ണൻ, എന്നിവരോടൊപ്പം പി.ടി.എ.-എം.പി.ടി.എ. ഭാരവാഹികളും, അംഗങ്ങളും, പൊതുപ്രവർത്തകരും തെരഞ്ഞെടുപ്പ് വീക്ഷിക്കാൻ എത്തിയിരുന്നു.

ജനാധിപത്യ പ്രക്രിയകൾ ചെറുപ്പത്തിൽ തന്നെ മനസ്സിലാക്കാനും മൂല്യബോധത്തിൽ വളരാനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാകട്ടെ എന്ന് മാണി സി.കാപ്പൻ ആശംസിച്ചു.

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെയും, സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ എല്ലാ അധ്യാപകരുടെയും അനധ്യാപകരുടെയും സഹകരണത്തോടെയാണ് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വ്യത്യസ്തമായി നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *