General News

ഹൈടെക് ക്യാമറയും, റിക്കാര്‍ഡിംഗ് സിസ്റ്റവുമുള്ള ‘2’ സ്ത്രീകളുടെ നിയന്ത്രണത്തിലാണ് കേരളം; ജനദ്രോഹ നയങ്ങളില്‍ പ്രതിപക്ഷത്തിനും കണ്ണില്ല: പ്രസാദ് കുരുവിള

ശരീരത്തില്‍ ഹൈടെക് ക്യാമറയും റിക്കാര്‍ഡിംഗ് സിസ്റ്റവുമായി നടക്കുന്ന ഡസന്‍കണക്കിന് കേസുകളുള്ള രണ്ട് സ്ത്രീകളാണ് ഭരണ പ്രതിപക്ഷങ്ങളെ നിയന്ത്രിക്കുകയും സ്വാധീനിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നതെന്നും ഇവര്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തെയും നേരിട്ടു ബാധിക്കുന്നുണ്ടെന്നും മദ്യനയം പോലുള്ള കാര്യങ്ങളില്‍ ജനദ്രോഹ നടപടികള്‍ ഇതിന്റെ മറവില്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും അലൈന്‍സ് ഓഫ് ടെമ്പറന്‍സ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് കുരുവിള. വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള.

പെരുവെള്ളപ്പാച്ചില്‍ പോലെയായിരിക്കുന്നു സംസ്ഥാനത്ത് മദ്യത്തിന്റെ കുത്തൊഴുക്ക്. കേരള സംസ്ഥാനം രൂപീകൃതമായതിനുശേഷം ഇത്രയധികം മദ്യശാലകളും, വ്യാജമദ്യകേന്ദ്രങ്ങളും ഉണ്ടായ ചരിത്രം വേറെയില്ല. മനുഷ്യന്റെ മദ്യാസക്തിയെന്ന ബലഹീനതയെ സര്‍ക്കാരും മദ്യമാഫിയയും ചൂഷണം ചെയ്യുകയാണ്.

കടമെടുപ്പുകളില്‍ അഗ്രഗണ്യരായ ഭരണക്കാര്‍ എല്ലായിനം നികുതി വരുമാനങ്ങളും വര്‍ദ്ധിപ്പിച്ച് ജനത്തെ കൂടുതല്‍ ദുരിതത്തിലാക്കി. ഇതിനു പുറകെ വഴിനീളെ പോലീസിനെവച്ചും ക്യാമറകള്‍ വച്ചും പിടിച്ചുപറി നടത്തുകയാണ്. ജനദ്രോഹ നയങ്ങളില്‍ പ്രതിപക്ഷത്തിനും കണ്ണില്ലാത്ത അവസ്ഥയാണിന്ന്.

കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് കവിയില്‍ അദ്ധ്യക്ഷത വഹിച്ചു. ജോസ് ഫ്രാന്‍സീസ്, റവ. എം.എസ്. തോമസ്, ടി.കെ. പ്രസന്നന്‍, ഫാ. മാത്യു കളിയത്ത്, റിയാസ് സക്കീര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.