തൊഴില്‍രഹിതര്‍, വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള ‘പന്നിക്കശാപ്പ്’ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക. ഇരയില്‍നിന്ന് പണം തട്ടിയെടുക്കും മുന്‍പ് അവരുമായി കഴിയുന്നത്ര അടുപ്പമുണ്ടാക്കുന്ന ഈ രീതിയെ ‘പിഗ് ബുച്ചറിങ് സ്‌കാം’ (പന്നിക്കശാപ്പ് തട്ടിപ്പ്) എന്നാണ് വിളിക്കുന്നത്.
പന്നികള്‍ക്ക് ആവശ്യത്തിന് തീറ്റയും പരിചരണവും നല്‍കി അവസാനം കശാപ്പുചെയ്യുന്ന രീതിക്ക് സമാനമാണ് ഈ തട്ടിപ്പ് എന്നതുകൊണ്ടാണ് ഇതിന് ഈ പേരുവന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, മെസ്സേജിങ് ആപ്പുകൾ, ഡേറ്റിംഗ് സൈറ്റുകൾ അല്ലെങ്കിൽ ഇമെയിലുകൾ തുടങ്ങിയ മാർഗങ്ങളിലൂടെ തട്ടിപ്പുകാർ ഇരകളെ തിരഞ്ഞെടുക്കുന്നു.
അവർ പലപ്പോഴും സൗഹൃദം നടിക്കുകയും, പ്രണയത്തിലൂടെയും ,സാമ്പത്തിക ഉപദേഷ്ടാക്കൾ എന്നിങ്ങനെ വിവിധ വേഷങ്ങളിൽ നിങ്ങളിലേക്ക് എത്തുന്നു. ഇടയ്ക്കിടെ സംഭാഷണങ്ങളിൽ ഏർപ്പെടുകയും വ്യക്തിപരമായ ബന്ധം രൂപപ്പെടുത്തുകയും ചെയ്യാൻ ശ്രമിക്കും.
ഇത്തരത്തിൽ ആഴ്ചകളോ മാസങ്ങളോ നീണ്ടുനിന്ന ബന്ധത്തിലൂടെ ഇവർ ഇരയുമായി മാനസിക അടുപ്പമുണ്ടാക്കി വിശ്വാസം നേടിയെടുക്കുന്നു. വിശ്വാസം സ്ഥാപിച്ചുകഴിഞ്ഞാൽ, തട്ടിപ്പുകാര്‍ ഇരയെ വ്യാജ നിക്ഷേപ അവസരങ്ങൾ പരിചയപ്പെടുത്തുന്നു.
പലപ്പോഴും ക്രിപ്‌റ്റോകറൻസിയിലോ സ്റ്റോക്കുകളിലോ, അപകടസാധ്യതയില്ലാതെ ഉയർന്ന വരുമാനം ലഭിക്കുന്ന മറ്റ് നിക്ഷേപങ്ങളിലേക്കോ കൊണ്ടെത്തിക്കുന്നു. പദ്ധതിയുടെ നിയമസാധുതയെക്കുറിച്ച് അവരെ കൂടുതൽ ബോധ്യപ്പെടുത്തുന്നതിന് ഇരകൾക്ക് തുടക്കത്തിൽ ചെറിയ രീതിയിൽ ലാഭം ഇവർ നൽകുന്നു. ഇതിലൂടെ കൂടുതൽ വിശ്വാസം പിടിച്ചെടുക്കും. അങ്ങനെ ഇരകൾ വലിയ തുക നിക്ഷേപിക്കാൻ കാരണമാകുന്നു.
ഇങ്ങനെ വലിയ വരുമാനം നൽകിയ ശേഷം ഇരകൾ അവരുടെ വരുമാനം പിൻവലിക്കാനോ നിക്ഷേപം തിരിച്ചുപിടിക്കാനോ ശ്രമിക്കുമ്പോൾ, മുഴുവൻ സമ്പാദ്യവും തട്ടിയെടുത്ത് തട്ടിപ്പുകാർ മുങ്ങുന്നതാണ് രീതി.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അപരിചിതരുമായി വരുന്ന മെസ്സേജുകളോ മറ്റ് ലിങ്കുകളിലോ ക്ലിക്ക് ചെയ്യാതിരിക്കുക. കൂടാതെ സോഷ്യൽ മീഡിയയിൽ അപരിചിതരുമായി ബന്ധം സ്ഥാപിക്കുന്നത് ഒഴിവാക്കുക. ഇത്തരം തട്ടിപ്പുകാരിൽ ബോധവാൻമാരായിരിക്കുക.