Pala News

പാലാ ജനറൽ ആശുപത്രി അടിസ്ഥാന സൗകര്യ വികസനത്തിന് 30 ലക്ഷം രൂപ കൂടി ലഭ്യമാക്കി; ഈവനിംഗ് ഒ.പിയ്ക്ക് നിർദ്ദേശം: ആൻ്റോ പടിഞ്ഞാറേക്കര

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 30 ലക്ഷം രൂപ കൂടി ലഭ്യമാക്കിയതായി നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര മാനേജിoഗ് കമ്മിറ്റി യോഗത്തിൽ അറിയിച്ചു.

അത്യാഹിത വിഭാഗവും പരിസരവും പേവിംഗ് ടൈലുകൾ പാകി മനോഹരമാക്കും, കാഷ്വാലിറ്റി പ്രവേശന ഭാഗത്ത് വെയിലും മഴയും ഏൽക്കാത്ത വിധം അലൂമിനിയം റൂഫിംഗ് നടത്തും. ആശുപത്രി റോഡ് റീ ടാർ ചെയ്യുമെന്നും ചെയർമാൻ യോഗത്തെ അറിയിച്ചു.

തീയേറ്റർ ബ്ലോക്ക് പെയിൻ്റ് ചെയ്ത് നവീകരിക്കും. ഈ ജോലികൾക്ക് ടെൻഡർ വിളിച്ച് കരാർ നൽകി കഴിഞ്ഞതായും ഈ ആഴ്ച തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ചെയർമാൻ യോഗത്തിൽ അറിയിച്ചു.

ആശുപത്രിയിലേക്ക് പുതിയ ഡിജിറ്റൽ എക്സറേ മെഷീൻ, മാമോഗ്രാം, അൾട്രാസൗണ്ട് സ്കാനർ, ദന്തൽ എക്സറേ യൂണിറ്റ് എന്നിവ പുതുതായി വാങ്ങും. ഡയാലിസിസിനായി കൂടുതൽ പേർ കത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ കൂടുതൽ മിഷീനുകൾ വാങ്ങുന്നതിനും ഒരു അഡീഷണൽ ഷിഫ്ട് കൂടി ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലം പറമ്പിൽ യോഗത്തിൽ അറിയിച്ചു.

വൃക്കരോഗികളിൽ നിന്നും ഒരു രൂപ പോലും ഈടാക്കാതെയാണ് ഇവിടെ ഡയാലിസിസ് വിഭാഗം പ്രവർത്തിക്കുന്നത്. ചുരുങ്ങിയ കാലയളവിൽ 500 ൽ പരം ഡയാലിസിസുകൾ നടത്തുവാൻ നേതൃത്വം നൽകിയ ഡോ.അഭിലാഷിനെ യോഗത്തിൽ വച്ച് പൊന്നാട അണിയിച്ച് ആദരിച്ചു.

സമാന്തരപാതയുമായി ബന്ധിപ്പിക്കുന്ന ആശുപത്രി റോഡ് വികസനത്തിൻ്റെ തുടർ നടപടികൾക്കായി എം.എൽ.എയെ യോഗം ചുമതലപ്പെടുത്തി. ആശുപത്രി പ്രവർത്തനം സുഗമമാക്കുന്നതിനുള്ള മാസ്റ്റർ പ്ലാനിന് രൂപം നൽകണമെന്ന് മാണി സി.കാപ്പൻ എം.എൽ.എ അഭ്യർത്ഥിച്ചു.

രാവിലെ മുതൽ ഉച്ചവരെയുള്ള സമയത്ത് ഒ.പി.വിഭാഗത്തിലെ അനിയന്ത്രിതമായ തിരക്ക് കുറയ്ക്കുന്നതിനും തൊഴിൽ മേഖലയിൽ ഉള്ളവരുടെ സൗകര്യം കൂടി കണക്കിലെടുത്തും വൈകുന്നേരം ഒ. പി വിഭാഗം മാനേജിംഗ് കമ്മിറ്റി നേതൃത്വത്തിൽ ആരംഭിക്കുന്ന കാര്യം പരിഗണിക്കണമെന്നും ഇതിനായുള്ള സാദ്ധ്യത പരിശോധിക്കണമെന്നും മാനേജിംഗ് കമ്മിറ്റി അംഗം ജയ്സൺമാന്തോട്ടം യോഗത്തിൽ ആവശ്യപ്പെട്ടു.

ആശുപത്രിയിലെ വിപുലമായ ക്ലിനിക്കൽ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി നാഷണൽ മെഡിക്കൽ ബോർഡ് ഓഫ് എക്സാമിനേഷൻ്റെ ഡി.എൻ.ബി, എഫ്.എൻ.ബി എന്നീ പോസ്റ്റ്‌ ഗ്രാജ്വേറ്റ് കോഴ്സുകളും സി.ആർ.ആർ.ഐ ഹൗസ് സർജൻസി ട്രയിനിംഗ് സ്കീം ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും കൃത്രിമ അവയവ യൂണിറ്റ് പ്രവത്തനസജ്ജമാക്കണമെന്നും ജയ് സൺ മാന്തോട്ടം ആവശ്യമുന്നയിച്ചു.

ഡോക്ടർമാരെ ശബരിമല ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടതും സ്ഥലം മാറ്റം ലഭിച്ചവർക്ക് പകരം നിയമനം ഉണ്ടാകുവാൻ വൈകുന്നതുമാണ് ഒ.പി.വിഭാഗത്തിലെ നിലവിലുള്ളതടസ്സമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജൻ പറഞ്ഞു. സിവിൽ സപ്ലൈസ് കോർപ്പറേഷൻ്റെ മെഡിക്കൽ ഷോപ്പിനായി അനുയോജ്യമായ സ്ഥലസൗകര്യം ലഭ്യമാക്കണമെന്ന് ആവശ്യമുയർന്നു.

നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയുടെ അദ്ധ്യക്ഷക്ഷതയിൽ ചേർന്ന മാനേജിംഗ് കമ്മിറ്റി
യോഗത്തിൽ മാണി.സി. കാപ്പൻ എം.എൽ.എ, സിജി പ്രസാദ്, ബൈജു കൊല്ലംപറമ്പിൽ, ഫിലിപ്പ് കുഴികുളം, ബിജി ജോജോ ,പി.എം ജോസഫ്,ഷാർളി മാത്യു, ബിജു പാലൂപടവൻ, പ്രൊഫ.സതീശ് ചൊള്ളാനി., പി.കെ.ഷാജകുമാർ ,ജയ്സൺമാന്തോട്ടം,ജോസ് കുറ്റിയാനിമറ്റം, കെ.എസ്.രമേശ് ബാബു, പീറ്റർ പന്തലാനി, ബിനീഷ് ചൂണ്ടച്ചേരി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.