teekoy

വേലത്തുശ്ശേരി, കല്ലം പ്രദേശങ്ങൾക്ക് ഭീഷണിയായി സ്വകാര്യ വ്യക്തിയുടെ പടുതാകുളങ്ങൾ

വേലത്തുശ്ശേരി: നാട്ടുകാർക്ക് പേടിസ്വപ്‌നമായ സ്വകാര്യ വ്യക്തിയുടെ പടുതാകുളങ്ങളിൽ മഴക്കാലത്ത് വെള്ളം കെട്ടി നിർത്താതെ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസിയായ ജോസ് മാത്യു തയ്യിൽ കോട്ടയം കളക്ടർക്ക് പരാതി നൽകി.

അദ്ദേഹത്തിന്റെ പരാതിയിൽ പറയുന്നത് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന റോഡിന്റെ വടക്കുവശം കുത്തനെ ചെരിവായി കിടക്കുന്നതാണ്. ഈ സ്ഥലത്തിന്റെ മുകൾ ഭാഗത്താണ് കുളത്തുങ്കൽ മാവടി റോഡിൽ നിന്നും പ്രവേശനകവാടമുള്ള ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ജേക്കബ് മത്തായി എന്ന വ്യക്തിയുടെ വസ്തുവിലാണ് ലക്ഷക്കണക്കിന് ലിറ്റർ വെള്ളം നിറയ്ക്കാവുന്ന പടുതാകുളങ്ങൾ നിർമ്മിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം 3 പടുതാ കുളങ്ങൾ നിർമ്മിച്ച് വെള്ളം നിറച്ചതിനെ തുടർന്ന് നാട്ടുകാർ തീക്കോയി പഞ്ചായത്തിൽ പരാതിപ്പെടുകയും പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള അധികൃതർ സ്ഥലത്ത് എത്തി വസ്‌തു ഉടമസ്ഥന് താക്കീത് കൊടുത്തതിനെ തുടർന്ന് ഇയാൾ കുളങ്ങൾ മഴക്കാലത്ത് വെള്ളം നിറയ്ക്കില്ലെന്ന് ഉറപ്പ് പറഞ്ഞിരുന്നതുമാണ്.

എന്നാൽ ഈ മഴക്കാലത്ത് കുളങ്ങളിൽ എല്ലാം വെള്ളം നിറയ്ക്കുകയും കൂടാതെ പുതിയതായി കുത്തനെ ചരിവുള്ള ഭാഗത്ത് 20 അടിക്ക് മുകളിൽ താഴ്‌ചയിൽ ഉദ്ദേശം 50 ടി നീളത്തിൽ കുളങ്ങൾ നിർമ്മിച്ച് വെള്ളം നിറയ്ക്കുകയും ചെയ്‌തു.

ഈ വസ്‌തുവിൻ്റെ വടക്കുകിഴക്ക് ഭാഗത്ത് പുതിയതായി പണിത കുളത്തിന് മണ്ണ് സപ്പോർട്ട് ഇല്ലാത്തതും ഏത് നിമിഷവും താഴോട്ട് ഇടിഞ്ഞ് പോകാവുന്നതുമാണ്. ഈ കുളങ്ങൾ പൊട്ടുകയാണെങ്കിൽ വേലത്തുശേരി പള്ളി ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളും ഈരാറ്റുപേട്ട വാഗമൺ റോഡും നിരവധി വീടുകളും ഏക്കർ കണക്കിന് കൃഷിഭൂമിയും നഷ്‌ടപ്പെടുകയും നൂറുകണക്കിന് ആൾക്കാർക്ക് ജീവൻ നഷ്ട‌പ്പെടുന്നതുമാണ്.

ആകയാൽ ഈ പരാതി പൊതുസമൂഹത്തിനും വേണ്ടിയുള്ള അപേക്ഷയായി പരിഗണിച്ച് ഈ നാട്ടിൽ സംഭവിക്കുവാൻ സാദ്ധ്യതയുള്ള വലിയ ഒരു ദുരന്തം ഒഴിവാക്കുന്നതിനായി അശാസ്ത്രീയമായി മലമുകളിൽ നിർമ്മിച്ച് ലക്ഷക്കണക്കിന് ലിറ്റർ വെള്ളം നിറച്ചിരിക്കുന്ന പടുതാ കുളങ്ങളിൽ വെള്ളം കെട്ടി നിർത്താതെ വേണ്ട നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *