മുണ്ടക്കയം ബൈപാസ് റോഡിലെയും അനുബന്ധ പ്രദേശത്തെയും വെള്ളക്കെട്ടിന് പരിഹാരമായി കലുങ്ക് നിർമാണവും നവീകരണവും നടത്തുന്ന പദ്ധതിക്ക് തുടക്കമായി. ബൈപാസ് നിർമിച്ചതോടെയാണു വെള്ളക്കെട്ടുകൾ രൂക്ഷമായതെന്ന് കാണിച്ച് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പൊതുമരാമത്ത് വകുപ്പിന് പരിഹാരത്തിന് നിർദേശിച്ചിരുന്നു.
മതിയായ രീതിയിൽ ഓടയോ കലുങ്കുകളോ ഇല്ലാത്തതാണ് ബൈപാസിലെ വെള്ളക്കെട്ടിന് കാരണം എന്ന് കണ്ടെത്തിയതോടെ 200 മീറ്റർ ദൂരത്തിൽ പുതിയ കലുങ്ക് നിർമിച്ച് ഡജ് സംവിധാനം ഒരുക്കാനും കലുങ്കുകൾ നവീകരിക്കാനും 17.5 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചു.

ബൈപാസ് റോഡിലേക്ക് ഒഴുകിയെത്തുന്ന മുഴുവൻ വെള്ളവും മണിമലയാറ്റിലേക്കു വിടുന്നതാണ് പദ്ധതി.പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസിന്റെ അധ്യക്ഷതയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
ജില്ലാ പഞ്ചായത്തംഗം പി.ആർ.അനുപമ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം പി.കെ.പ്രദീപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലമ്മ ഡൊമിനിക്, പഞ്ചായത്തംഗം ലിസി ജിജി, സി.വി.അനിൽ കുമാർ, കെ.ടി.റേച്ചൽ, സുലോചന സുരേഷ്, പ്രസന്ന ഷിബു, ഷിജി ഷാജി, ബിൻസി മാനുവൽ,

എം.ജി.രാജു, ചാർലി കോശി, ജോസ്.സി.കല്ലൂർ, മോളി വാഴപ്പനാടി, തങ്കച്ചൻ കാരക്കാട്ട്, അനിയാച്ചൻ മൈലപ്ര എന്നിവർ പ്രസംഗിച്ചു. ഒരു മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിച്ച് വെള്ളക്കെട്ട് പരിഹരിക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.