general

നാച്വറൽ ടർഫ് ഫ്ളഡ്‌ലിറ്റ് ഫുട്ബോൾ കോർട്ട് ഉദ്ഘാടനം ചെയ്തു

ഏറ്റുമാനൂർ :എംജി സർവകലാശാലാ സ്റ്റേഡിയത്തിൽ നിർമിച്ച നാച്വറൽ ടർഫ് ഫ്ലഡ് ലിറ്റ് ഫുട്ബോൾ കോർട്ട് സർവകലാശാലയുടെയും നാടിന്റെ പൊതുവിലുമുള്ള കായിക വളർച്ചയ്ക്ക് കരുത്തു പകരുമെന്ന് മന്ത്രി ഡോ. ആർ.ബിന്ദു പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമ പരിപാടിയുടെ ഭാഗമായി 2.74 കോടി രൂപ ചെലവഴിച്ച് നിർമിച്ച കോർട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

എംജി സർവകലാശാല സ്റ്റേഡിയത്തിലെ സ്പോർട്സ് കോംപ്ലക്സ് പദ്ധതിയുടെ ടെൻഡർ നടപടികൾ കിഫ്ബി ആരംഭിച്ചതായും നിർമാണ പ്രവർത്തനങ്ങൾ വൈകാതെ ആരംഭിക്കുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. കിഫ്ബിയിൽ നിന്നും 57 കോടി രൂപ ചെലവഴിച്ചാണ് സ്പോർട്സ് കോംപ്ലക്സ് നിർമിക്കുന്നത്.

സംസ്ഥാനത്തെ ഏറ്റവും വലിയ കായിക കേന്ദ്രങ്ങളിലൊന്നാണ് ഈ പദ്ധതിയിലൂടെ യാഥാർഥ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാക് എ ഡബിൾ പ്ലസ് ഗ്രേഡും ടൈംസ് ലോക സർവകലാശാലാ റാങ്കിങ്ങിൽ 401-500 റാങ്ക് വിഭാഗത്തിൽ ഇടം നേടുകയും ചെയ്ത സർവകലാശാലയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പിനു വേണ്ടി മന്ത്രി ട്രോഫി സമ്മാനിച്ചു.

വൈസ് ചാൻസലർ ഡോ. സി.ടി.അരവിന്ദകുമാർ, മുൻ റജിസ്ട്രാർ ഡോ. കെ.ജയചന്ദ്രൻ, ഐക്യുഎസി ഡയറക്ടർ ഡോ. റോബിനെറ്റ് ജേക്കബ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. 4 വർഷ ബിരുദ വിദ്യാർഥികൾക്കായി സർവകലാശാലയിലെ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷൻ നടത്തുന്ന ഓൺലൈൻ എബിലിറ്റി എൻഹാൻസ്മെന്റ് കോഴ്സുകളുടെ ഉദ്ഘാടനവും മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *