പാലാ: കാൽമുട്ട് പതിവായി തെന്നിമാറുന്നത് മൂലം വർഷങ്ങളായി വേദന സഹിച്ച് ബുദ്ധിമുട്ട് നേരിട്ടിരുന്ന വിദ്യാർഥിനിയെ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അപൂർവ്വ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു.
തെന്നിമാറിയിരുന്ന കാൽമുട്ടിനെ ഇനി ഭയക്കാതെ 15 കാരി വിദ്യാർഥിനി വീണ്ടും സ്കൂളിൽ പോയി തുടങ്ങി. 6 വയസ്സ് മുതൽ മുട്ട് ചിരട്ട തെന്നി പോകുന്നതിനെ തുടർന്നു വിദ്യാർഥിനിക്കു കഠിനമായ വേദന സഹിക്കേണ്ടി വന്നിരുന്നു.
ഒരോ തവണ കാൽമുട്ട് മടക്കുമ്പോഴും മുട്ട് ചിരട്ട തെന്നിമാറുകയും കാൽ നിവർക്കുമ്പോൾ മുട്ടു ചിരട്ട സാധാരണ നിലയിലാകുകയും ചെയ്യുന്ന രോഗമായിരുന്നു വിദ്യാർഥിനി നേരിട്ടിരുന്നത്.
മുട്ട്ചിരട്ട തെന്നി മാറുമ്പോൾ അസഹ്യമായ വേദന അനുഭവപ്പെട്ടിരുന്നു. തുടയെല്ലും കാൽമുട്ട്ചിരട്ടയും ചേരുന്ന ഭാഗത്ത് വേണ്ട ഗ്രൂവ് ജന്മനാ തന്നെ ഇല്ലാതിരുന്നതാണ് പ്രശ്നമായിരുന്നത്. ഇതിനാലാണ് കാൽമുട്ട് മടക്കുമ്പോൾ മുട്ടു ചിരട്ട ഉറച്ചിരിക്കാതെ തെന്നിമാറിക്കൊണ്ടിരുന്നത്.
മുട്ടിലെ എല്ലിന്റെ വളർച്ചയെത്താത്തതിനാൽ വിദ്യാർഥിനിയെ ശസ്ത്രക്രിയ നടത്താൻ സാധിക്കാത്ത സാഹചര്യവുമായിരുന്നു. ഇതേ തുടർന്ന് 7 വർഷമായി വിവിധ ആശുപത്രികളിൽ ഇവർ ചികിത്സകൾ തേടി.എസ്എസ്എൽസി പരീക്ഷ പൂർത്തിയാക്കിയ ശേഷം ഈ കഴിഞ്ഞ മധ്യവേനലവധിക്കാലത്താണ് വിദ്യാർഥിനി മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സ തേടി എത്തിയത്.
ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.രാജീവ് പി.ബിയുടെ നേതൃത്വത്തിലാണ് വിദഗ്ധ പരിശോധനകൾക്ക് ശേഷം അപൂർവ്വ ശസ്ത്രക്രിയ നടത്തിയത്. തരുണാസ്ഥിക്ക് കേട് വരാത്ത രീതിയിൽ ഗ്രൂവ് പുനർനിർമിക്കണം എന്നതായിരുന്നു ശസ്ത്രക്രിയയുടെ വെല്ലുവിളി.
ഇതിനായി വിദേശത്ത് നിന്നു ആധുനിക ഉപകരണങ്ങൾ എത്തിച്ച ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. ഓർത്തോപീഡിക്സ് വിഭാഗം കൺസൾട്ടന്റ് ഡോ.സിജോ സെബാസ്റ്റ്യൻ, അനസ്തേഷ്യോളജി വിഭാഗം കൺസൾട്ടന്റ് ഡോ.അഭിജിത്ത് കുമാർ എന്നിവരും ശസ്ത്രക്രിയയിൽ പങ്കെടുത്തു.
അവധിക്കാലത്ത് ശസ്ത്രക്രിയയും ഫിസിയോതെറാപ്പി ചികിത്സകളും പൂർത്തിയാക്കിയ വിദ്യാർഥിനി സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തുകയും കഴിഞ്ഞ ആഴ്ച ആരംഭിച്ച പ്ലസ് വൺ ക്ലാസിൽ പോയി തുടങ്ങുകയും ചെയ്തു.