pala

തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ കുരുന്നിനു മാർ സ്ലീവാ മെഡിസിറ്റിയിലൂടെ അത്ഭുത പുനർജന്മം

പാലാ: ശരീരം തൊണ്ണൂറ് ശതമാനവും പൊള്ളലേറ്റ് മരണത്തെ മുഖാമുഖം കണ്ട രണ്ട് വയസുകാരന് മാർ സ്ലീവാ മെഡിസിറ്റിയുടെ വിവിധ ചികിത്സാവിഭാഗങ്ങൾ ചേർന്നു നൽകിയത് അത്ഭുത പുനർജന്മം. വൈദ്യശാസ്ത്രം ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഈ അത്ഭുത രക്ഷപെടുത്തൽ നാല് മാസം കണ്ണിമ ചിമ്മാതെ നടത്തിയ പരിചരണത്തിന്റെ പുണ്യമായി മാറി. ഇടുക്കി വണ്ടൻമേട് സ്വദേശിയായ രണ്ടു വയസ്സുകാരൻ കളിചിരികളും കളിപ്പാട്ടങ്ങളുമായി കഴിഞ്ഞ ദിവസം വീട്ടിലേക്ക് തിരികെ മടങ്ങിയപ്പോൾ പരിചരിച്ചവർ ഒന്നടങ്കം അവന് സ്നേഹചുംബനങ്ങൾ നൽകിയാണ് പുതുജീവിതത്തിലേക്ക് യാത്രയാക്കിയത്.

കഴിഞ്ഞ ഒക്ടോബർ 9ന് വൈകുന്നേരം വീടിനുള്ളിൽ തിളപ്പിച്ചു വച്ച ചൂടു വെള്ളത്തിലേക്ക് വീണായിരുന്നു രണ്ട് വയസ്സുകാരന് അപകടം ഉണ്ടായത്. തല മുതൽ കാൽമുട്ട് വരെയുള്ള ഭാഗം പൂർണ്ണമായും ഗുരുതര പൊള്ളലേറ്റിരുന്നു.

ഇടുക്കിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം കുഞ്ഞിനെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചപ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. മണിക്കൂറുകൾ മാത്രമെ ജീവിച്ചിരിക്കുകയുള്ളു എന്ന അവസ്ഥയിലായിരുന്ന കുരുന്നിനെ എങ്ങനെയെങ്കിലും തിരിച്ചു നൽകണമെന്ന മാതാപിതാക്കളുടെ കണ്ണീരോടെയുള്ള പ്രാർത്ഥന തങ്ങളുടെ ജീവിത നിയോഗം പോലെ ഡോക്ടർമാർ ഏറ്റെടുത്തു.

എമർജൻസി വിഭാഗത്തിൽ നിന്നും പീഡിയാട്രിക് ഇന്റൻസിവിസ്റ്റിന്റെ നേതൃത്വത്തിലുള്ള പീഡിയാട്രിക് ഐ.സി.യുവിലും പിന്നീട് ബേൺ ഐ.സി.യുവിലും കുഞ്ഞിനെ പ്രവേശിപ്പിച്ചു. തുടർന്ന് ആഴ്ചകളും മാസങ്ങളും നടന്നത് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ അതീവസങ്കീർണ്ണമായ ചികിത്സകളുടെയും ശസ്ത്രക്രിയകളുടെയും പരമ്പരകളാണ്.

പല തവണ അതീവ ഗുരുതരാവസ്ഥയിൽ എത്തിയെങ്കിലും വിവിധ വകുപ്പുകളിലെ വിദഗ്ധരായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും അതീവശ്രദ്ധയോടെയുള്ള പരിചരണം അവനെ സാധാരണ നിലയിലേക്ക് എത്തിച്ചു.

തല,ചെവി, മുഖം, കൈ, നെഞ്ച്, വയർ എന്നിവടങ്ങളിലുൾപ്പെടെ പൂർണ്ണമായും പൊള്ളലേറ്റ് ആരുടെയും നെഞ്ചുരുകുന്ന കാഴ്ച്ചയിൽ നിന്നും അവൻ കണ്ണ് തുറന്ന് ചിരിച്ചപ്പോൾ പരിചരിച്ചവരുടെ മുഖത്ത് നിന്നും സന്തോഷാശ്രുക്കൾ പൊഴിഞ്ഞു.

ചികിത്സയിൽ പ്രവേശിപ്പിച്ച ആദ്യദിനങ്ങളിൽ വൃക്കതകരാർ ഉണ്ടായി രുന്നു. എങ്കിലും താമസിക്കാതെ തന്നെ വൃക്കയുടെ പ്രവർത്തനം സാധാരണഗതിയിലായി. മുഖത്തും വായിലും അതീവഗുരുതരമായ പൊള്ളലേറ്റിരുന്നതും സ്ഥിതിഗതികൾ വഷളാക്കിയിരുന്നു. അത്യാധുനിക വെന്റിലേറ്റർ സംവിധാനം ക്രമീകരിച്ചാണ് കുഞ്ഞിന്റെ ശ്വസനം നിയന്ത്രിച്ചിരുന്നത്.

ശ്വാസതടസ്സം ഒഴിവാക്കുന്നതിനായി മൂന്നാഴ്ച്ച കഴിഞ്ഞപ്പോൾ ട്രക്കിയോസ്ടമിയും (തൊണ്ടയുടെ താഴെ ഭാഗം കിഴിച്ച്) വേണ്ടി വന്നു.35 ദിവസത്തിനു ശേഷമാണ് കുഞ്ഞിനെ വെന്റിലേറ്റർ സഹായത്തിൽ നിന്നു മാറ്റാൻ സാധിച്ചത്.

ദേഹമാസകലം പൊള്ളലേറ്റ കുരുന്നിന്റെ ശരീരം സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള ദൗത്യം പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് വിഭാഗമാണ് ഏറ്റെടുത്തത്. തുടർന്ന് വേണ്ടിവന്നത് ഇടവിട്ടുള്ള എട്ടു ശസ്ത്രക്രിയകൾ. അതീവശ്രദ്ധയോടെ ഓരോ തവണവയും അനസ്തേഷ്യോളജി ടീമും പൂർണ്ണ സജ്ജമായി നിന്നു.

കുഞ്ഞിന്റ ശരീരം പൂർണ്ണമായി പൊള്ളിയിരുന്നതിനാൽ മാതാവിന്റെ ശരീരത്തിൽ നിന്ന് സ്കിൻ ഗ്രാഫ്റ്റ് എടുത്താണ് ആദ്യശസ്ത്രക്രിയകൾ ചെയ്തിരുന്നത്. നെഞ്ചിലും കൈയ്യിലും എല്ലാം പിടിപ്പിച്ച ഗ്രാഫ്റ്റുകൾ ചേർന്നതോടെ കുഞ്ഞ് സാധാരണ രൂപത്തിലേക്ക് സാവധാനം തിരിച്ചെത്തി. കുഞ്ഞിന്റ കാലിൽ പൊള്ളലേൽക്കാതിരുന്ന ഭാഗത്തെ ഗ്രാഫ്റ്റ് എടുത്തു പിടിപ്പിച്ചും ശസ്ത്രക്രിയ നടത്തി. ഒരു തരത്തിലുള്ള ഇൻഫെക്ഷനും കുഞ്ഞിനെ ബാധിക്കാതിരിക്കാൻ ബേൺ ഐ.സി.യു, പീഡിയാട്രിക് ഐ.സി.യു, ട്രോമാ ഐ.സി.യു എന്നിവടങ്ങളിൽ ചികിത്സക്കായി എത്തിയ മറ്റുള്ളവർ പോലും ശ്രദ്ധാലുക്കളായി. അതീവ കരുതലോടെയായിരുന്നു ഓരോ തവണയുമുള്ള ഡ്രസ്സിംഗും മറ്റു നടപടിക്രമങ്ങളും.

ആശുപത്രി ചീഫ് ഓഫ് മെ‍ഡിക്കൽ സർവീസസും പ്ലാസ്റ്റിക് ആൻഡ് റീ കൺസട്രക്ടീവ് വിഭാഗം മേധാവിയുമായ എയർകോമഡോർ ഡോ.പോളിൻ ബാബു, പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ വിഭാഗത്തിലെ ഡോ.സഫേലിയ നാസർ, പ്ലാസ്റ്റിക് ആൻഡ് റീകൺസട്രക്ടീവ് വിഭാഗത്തിലെ ഡോ.അശ്വതി ചന്ദ്രൻ, ഡോ.അനീഷ് ജോസഫ്, നെഫ്രോളജി വിഭാഗത്തിലെ ഡോ.മഞ്ജുള രാമചന്ദ്രൻ, ഡോ.തരുൺ ലോറൻസ്, പീഡിയാട്രിക് വിഭാഗത്തിലെ ഡോ.ജിസ് തോമസ്, ഇ.എൻ.റ്റി വിഭാഗത്തിലെ ഡോ.ജോൺ മാത്യു, ഡോ.ലിനു തോമസ് ,എമർജൻസി ഫിസിഷ്യൻ ഡോ.അമൽ സ്കറിയ, അനസ്തേഷ്യോളജി വിഭാഗത്തിലെ ഡോ.മഞ്ജിത്ത് ജോർജ്, ഡോ.ലിബി ജെ.പാപ്പച്ചൻ, ഡോ.എബി ജോൺ, ഡോ.അഞ്ജു ജനാർദ്ദനൻ, കൺസൾട്ടന്റുമാരായ ഡോ.ജെയിംസ് സിറിയക്, ഡോ.ബേസിൽ പോൾ കുന്നത്ത്, ഡോ.ശിവാനി ബക്ഷി, ഡോ.സേവ്യർ ജോൺ, എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമായിരുന്നു നാലു മാസം നീണ്ട ചികിത്സകൾ നയിച്ചത്.

ഗുരുതര പൊള്ളലേറ്റവരെ ചികിത്സിക്കാൻ അത്യാധുനിക സൗകര്യമുള്ള മാർ സ്ലീവാ മെഡിസിറ്റിയിലെ ബേൺ ഐ.സി.യുവിൽ ഷവർ ട്രോളി ഉൾപ്പെടെ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് സർജറി, ബേൺ ഐസിയു, പീഡിയാട്രിക് ഐസിയു എന്നിവടങ്ങളിലെ ജീവനക്കാരായ സർജൻ അസിസ്റ്റന്റ് ജിജോ വർഗീസ്, പീഡിയാട്രിക് ഐ.സി.യു നഴ്സുമാരായ രശ്മി രാജൻ കെ ,സിജി മാത്യു, ജെമിൻ അന്ന ജോസഫ്, ആഷ്ലി ജോസഫ്, പ്രിയങ്ക സിബി, ആൽഫി മിന്നു ജോസഫ്, അനുമോൾ വി.കുര്യൻ, സോന ബേബി, വിൻസി വർഗീസ്, ബേൺസ് ഐ.സി.യുവിലെ ലിഡ മാത്യു, മെറിൻ എബ്രഹാം, ആതിര ഗോപാലൻ, ഗ്ലാഡിയ ജോസഫ്, റോണിയമോൾ ജോർജ് എന്നിവരുടെയും ചീഫ് ക്ലിനിക്കൽ ഡയറ്റീഷ്യൻ ജിജിനു.ജെയുടെ നേതൃത്വത്തിലുള്ള ഡയറ്റീഷ്യൻ ആൻഡ് ന്യൂട്രീഷൻ ടീമും ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിന്റെയും കൃത്യവും കരുതലുമായ പരിചരണവും കുരുന്നിന്റെ പുതുജീവിതത്തിനു വഴിയൊരുക്കി.

കളിചിരിയോടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയ കുരുന്നിനു കളിപ്പാട്ടങ്ങൾ ഉൾപ്പെടെയുള്ളവ കുട്ടി കിടന്നിരുന്ന വാർഡിലുള്ള മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും സമ്മാനമായി എത്തിക്കുന്നുണ്ടായിരുന്നു. കുഞ്ഞിനു യാതൊരു ഇൻഫെക്ഷനും ഉണ്ടാകാതിരിക്കാൻ സി.എസ്.എസ്.ഡി വിഭാഗത്തിന്റെ നേതൃത്വത്തിൽ കളിപ്പാട്ടങ്ങൾ പോലും അണുനശീകരണം നടത്തിയാണ് നൽകിയിരുന്നത്.

മരണത്തെ മുഖാമുഖം കണ്ട അപകടത്തിൽ നിന്നു പുതുജീവിതത്തിലേക്ക് മടങ്ങിയ രണ്ട് വയസ്സുകാരന് കേക്ക് മുറിച്ച് മധുരം പങ്കുവെച്ചും സമ്മാനങ്ങൾ നൽകിയുമാണ് യാത്രയാക്കിയത്. വൈദ്യശാസ്ത്രത്തിന്റെ മികവും ദൈവത്തിന്റെ കരുണയുമാണ് കുരുന്നിനെ ജീവിതത്തിലേക്ക് തിരിച്ച് എത്തിച്ചതെന്നു ആശുപത്രി മാനേജിംഗ് ഡയറക്ടർ റവ.ഫാ.മാത്യു തെക്കേൽ പറഞ്ഞു. ആശുപത്രി ഓപ്പറേഷൻസ് , പ്രൊജക്ട്സ്, ലീഗൽ ആൻഡ് ലെയ്സൺ അസോസിയേറ്റ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ഹ്യൂമൻ റിസോഴ്സസ് ,നഴ്സിംഗ് ആൻ‍ഡ് അക്കാദമിക് ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം, ഫിനാൻസ് ആൻഡ് മെറ്റീരിയൽസ് ഡയറക്ടർ റവ.ഫാ.ഗർവാസീസ് ആനിത്തോട്ടത്തിൽ, ആയുഷ് വിഭാഗം അസോ.ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട് , ബ്രാൻഡിംഗ് ആൻഡ് ഹെൽത്ത്കെയർ പ്രമോഷൻസ് അസോസിയേറ്റ് ഡയറക്ടർ റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ എന്നിവരുടെ നേതൃത്വത്തിലാണ് കുരുന്നിനെ തിരികെ വീട്ടിലേക്ക് യാത്രയാക്കിയത്.

റവ.ഫാ.മാത്യു തെക്കേൽ ( മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ), റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ ( അസോ.ഡയറക്ടർ, ബ്രാൻഡിംഗ് ആൻഡ് ഹെൽത്ത്കെയർ പ്രമോഷൻ‌സ്, ഐ.ടി), എയർകോമഡോർ ഡോ.പോളിൻ ബാബു ( ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് ) ഡോ.സഫേലിയ നാസർ ( പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ വിഭാ​ഗം അസോ.കൺസൾട്ടന്റ്), ശ്രീ.ശരൺ ആർ. ( പൊള്ളലേറ്റ കുട്ടിയുടെ പിതാവ് )ശ്രീ- എം.സി.ബിജു ( വണ്ടൻമേട് സ്വദേശി) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *