കോട്ടയം വൈക്കം സ്വദേശി ജോയ് മാത്യു ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ ദുഖാൻ ഹൈവേയിലാണ് അപകടം ഉണ്ടായത്. 48 വയസായിരുന്നു. ദീർഘകാലം ഖത്തറിൽ മാധ്യമ പ്രവർത്തകയായിരുന്ന ശ്രീദേവി ജോയുടെ (മലയാള മനോരമ-കോട്ടയം) ഭർത്താവാണ്.
13 വർഷത്തോളമായി ഖത്തറിലുള്ള ജോയ് മാത്യു ഇവന്റ് മാനേജ്മെന്റ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. ജോലി ആവശ്യാർത്ഥം ഷാഹാനിയയിൽ പോയി തിരിച്ചു വരും വഴി പുലർച്ചെ മൂന്ന് മണിയോടെ ദുഖാൻ റോഡിൽ വെച്ച് ട്രക്കിനു പിറകിൽ കാറിടിച്ചായിരുന്നു അപകടം.
ഇൻഡസ്ട്രിയൽ ഏരിയ ഹമദ് മെഡിക്കൽകോർപറേഷൻ (ഹസം മിബൈരിക് ജനറൽ) ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഖത്തർ കെ.എം.സി.സി അൽ ഇഹ്സാൻ സമിതിക്കു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം ഉടൻ നാട്ടിലെത്തിക്കും.