കോട്ടയം: രാഹുൽ ഗാന്ധി കോട്ടയത്ത് എത്തുന്നത് ആർക്ക് വോട്ട് അഭ്യർത്ഥിക്കാനാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻ ലാൽ ചോദിച്ചു.
താൻ ഐഎൻഡി ഐ എ
മുന്നണിയുടെ ഭാഗമാണെന്നും തനിക്ക് വോട്ട് ചോദിക്കാനാണ് രാഹുൽ ഗാന്ധി കോട്ടയത്ത് എത്തുന്നതെന്നുമുള്ള ചാഴികാടൻ്റെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ഐഎൻഡി ഐഎ സഖ്യത്തിലെ ഇരട്ട സഹോദരങ്ങൾ തമ്മിലാണ് കോട്ടയത്ത് മത്സരം. എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടനും യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജും രാഹുൽ ഗാന്ധി നയിക്കുന്ന സഖ്യ കൂടാരത്തിലെ ഒരേ തൂവൽ പക്ഷികളാണ്. അങ്ങനെയിരിക്കെ രാഹുൽ ഗാന്ധിയുടെ സന്ദർശനം തനിക്ക് നേട്ടം ആകുമെന്ന ചാഴിക്കാടിന്റെ പ്രസ്താവന കോട്ടയത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
കഴിഞ്ഞ അഞ്ചുവർഷം സമാനതകളില്ലാത്ത വികസന മുരടിപ്പാണ് കോട്ടയം സഹിക്കേണ്ടി വന്നത്. കഴിഞ്ഞ അഞ്ചുവർഷവും നരേന്ദ്രമോദി സർക്കാരിൻ്റെ വികസന ക്ഷേമ പദ്ധതികൾ ഒരു കുറ്റബോധവും ഇല്ലാതെ സ്വന്തം പേരിൽ ആക്കി ഒരു ഉളുപ്പുമില്ലാതെ അടിച്ചെടുക്കുകയായിരുന്നു. നരേന്ദ്രമോദി സർക്കാരിൻറെ അഭിമാന ജനക്ഷേമ പദ്ധതികൾ യാതൊരു സങ്കോചവും ഇല്ലാതെ സ്വന്തം ക്രഡിറ്റി ലാക്കി അവതരിപ്പിക്കുന്നതിലുള്ള തൊലിക്കട്ടി കാണ്ടാമൃഗത്തെ
പോലും ലജ്ജിപ്പിക്കുന്നതാണ്.
എംപി മാരിൽ ഒന്നാമൻ എന്ന നേട്ടങ്ങളുടെ പട്ടികയിൽ പ്രതിപാദിച്ച 4100 കോടിയിൽ ചാഴികാടന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു പദ്ധതിയുമില്ല.
കേന്ദ്രസർക്കാരിന്റെ പദ്ധതികളുടെ പട്ടിക നിരത്തി ഒന്നാമനായ ചാഴികാടന് കോട്ടയം മറുപടി നൽകും. കോട്ടയത്തിന്റെ വികസനത്തിന് ഒരു പദ്ധതി ആസൂത്രണം ചെയ്യാൻ പോലും കഴിഞ്ഞില്ല.
ചാഴികാടൻ്റെ പൊള്ളയായ വാഗ്ദാനങ്ങളുടെ പൊയ്മുഖം അഴിഞ്ഞു വീഴാൻ ഇനി ദിവസങ്ങൾ മാത്രം. ഇരു മുന്നണികൾക്കും എതിരെ
കോട്ടയം 26ന് വിധിയെഴുതും – ലിജിൻ ലാൽ പറഞ്ഞു.