പൂഞ്ഞാർ: ശ്രീനാരായണ ഗുരുദേവനാൽ നാമകരണം ചെയ്യപ്പെട്ട കുന്നോന്നി കുറ്റിക്കാട്ട് (പാലംപറമ്പിൽ) സുശീലാമ്മയുടെ 99-ാം മത് ജന്മദിനം നാടിന് ഉത്സവമായിമാറി. ഗുരുദേവനാൽ നാമകരണം ചെയ്യപ്പെട്ടവരിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏക വ്യക്തിയാണ് സുശീലാമ്മ.
1927-ൽ ജൂൺ 6-ാം തീയതി ശ്രീനാരായണ ഗുരുദേവൻ ശിവഗിരിയിൽ നിന്നും മുൻ നിശ്ചയിച്ച പ്രകാരം ക്ഷേത്ര പ്രതിഷ്ഠക്കായി ഇടപ്പാടിയിൽ എത്തി. സുശീലാമ്മയുടെ വല്യഛനും എസ്.എൻ.ഡി.പി യോഗം 108-ാം നമ്പർ (അന്നത്തേ 9-ാം നമ്പർ) ശാഖാ പ്രഥമ പ്രസിഡൻ്റുമായ വേലംപറമ്പിൽ ഇട്ടുണ്ടാൻ നേതൃത്വത്തിൽ പൂഞ്ഞാറിൽ നിന്നും സംഘം ഗുരുദേവനെ സന്ദർശിച്ചു.
അവരുടെ അപേക്ഷപ്രകാരം പൂഞ്ഞാറിൽ എത്താമെന്ന് ഗുരുദേവൻ അറിയിച്ചു. ഇന്ന് കാണുന്ന പൂഞ്ഞാർ മങ്കുഴി ക്ഷേത്രം അന്ന് ഒരു ഭജന മഠം ആയിരുന്നു. ഗുരുദേവൻ ഇവിടെ വേൽ പ്രതിഷ്ഠ നടത്തി. ഭാവിയിൽ ഇത് ഒരു ക്ഷേത്ര സങ്കേതമായി മാറുമെന്നും ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രമെന്നും നാമകരണം ചെയ്യപ്പെട്ടു.
അന്ന് ധാരാളം ഭക്ത ജനങ്ങൾ അനുഗ്രഹങ്ങൾ തേടി എത്തുകയും സുശീലാമ്മയുടെ പിതാവായ വേലംപറമ്പിൽ വി.ഐ കൃഷ്ണൻ ആറ് മാസം പ്രായമുള്ള കുട്ടിയുമായി ഗുരുദേവൻ്റെ അടുത്ത് എത്തുകയും ചെയ്തു. ഗുരുദേവൻ സുശീല എന്ന് പേര് നൽകുകയും അന്നപ്രാശവും നടത്തിയെന്നാണ് ചരിത്രം. അതോടൊപ്പം മറ്റൊരു കുട്ടിക്ക് സുരേന്ദ്രൻ എന്ന് പേര് നൽകി. കോടിക്കണക്കിന് ഗുരുദേവ ഭക്തരുടെ ഇടയി
ൽ ഗുരുദേവനാൽ നാമകരണം ചെയ്യപ്പെട്ട ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏക വ്യക്തിയായ സുശീലാമ്മയുടെ ജന്മദിനം കുടുംബക്കാരും നാട്ടുകാരും ചേർന്ന് സമുചിതമായി ആഘോഷിച്ചു. കുന്നോന്നി പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടന്ന ജന്മദിനാഘോഷം പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.
ഗുരുദേവനാൽ അനുഗ്രഹം സിദ്ധിച്ച സുശീലാമ്മയെ കാണാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചെറുമകനും മുത്തൂറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.ആർ ബിജിമോൻ കുറ്റിക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണറും കുടുംബാംഗവുമായ ജ്യോതിസ് മോഹൻ ഐ.ആർ.എസ് മുഖ്യ പ്രഭാഷണം നടത്തി.
ബിന്ദു ബിജിമോൻ കുറ്റിക്കാട്ട് സ്വാഗതം ആശംസിച്ചു. പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യു അത്യാലിൽ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും ബി.ജെ.പി ജില്ലാ വൈസ് പ്രസിഡൻ്റുമായ മിനർവ്വ മോഹൻ, ജനപ്രതിനിധികളായ ബീനാ മധുമോൻ, നിഷ സാനു,
പൂഞ്ഞാർ എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി വി.എസ് വിനു വേലംപറമ്പിൽ, കുന്നോന്നി ശാഖാ സെക്രട്ടറി ഷിബിൻ എം.ആർ, ചെറുമകൾ സിൽവി, എസ്.എൻ.ഡി.പി ഇടമറ്റം ശാഖാ പ്രസിഡൻ്റ് ജിനു , തലനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് വിനോജ് എ.കെ അടയ്ക്കാകല്ലിൽ എന്നിവർ പ്രസംഗിച്ചു.
കുറ്റിക്കാട്ട് രാഘവൻ നാരായണൻ്റെ ഭാര്യയാണ് സുശീലാമ്മ. ദമ്പതികൾക്ക് 12 മക്കളുണ്ട്. നാല് തലമുറകളിലൂടെ പടർന്ന് വലിയ കുടുംബുമായി മാറി. ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുന്നോന്നിയിലെ ഒരു വ്യക്തിയ്ക്ക് ഭവന നിർമ്മാണത്തിന് മുത്തൂറ്റ് ഗ്രൂപ്പ് സംഭാവന ചെയ്യുന്ന
ഒരു ലക്ഷം രൂപ സഹായം നൽകുകയും ചെയ്തു. കുന്നോന്നി ശിവദം തിരുവാതിര സംഘം അവതരിപ്പിച്ച തിരുവാതിരയും തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.