കുറവിലങ്ങാട് : രാഷ്ട്രീയ നേതൃത്വമായോ ഭരണ നേതൃത്വമായോ ചർച്ച നടത്തുമ്പോൾ സഭയുടെ നിലപാടുകളിൽ ഉറച്ച് നിൽക്കണമെന്നും, സഭ വിശ്വാസികളെ സംരക്ഷിക്കണമെന്നും, മണിപ്പൂരിലെ മുന്നൂറോളം ക്രിസ്ത്യൻ സ്ഥാപനങ്ങൾ നശിപ്പിക്കുകയും, ഇന്ത്യയിൽ പലയിടത്തും ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ അക്രമം ഉണ്ടായതും പരിഗണിച്ച് വേണം ക്രിസ്ത്യൻ സഭ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കേണ്ടതെന്നും പകലോമറ്റം കണിയാരകത്ത് കുടുംബയോഗം രക്ഷാധികാരിയും, കെ.പി.സി.സി അംഗവുമായ അഡ്വ. റ്റി ജോസഫ് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനെ സന്ദർശിച്ച് അഭിപ്രായം പ്രകടിപ്പിച്ചു.
സീറോ മലബാർ സഭയുടെ കീഴിലുള്ള പള്ളികളിൽ കേരളാ സ്റ്റോറി സിനിമ പ്രസിദ്ധീകരിക്കുന്നത് ശരിയല്ലയെന്നും, മതബോധന ക്ലാസ്സുകളും, സന്യാസ സ്ഥാപനങ്ങളും വഴി യുവതി-യുവാക്കൻമാരെ കൗൺസിലിംഗ് നടത്തി അവർക്ക് ആവശ്യമായ അവബോധം നൽകുന്നതരത്തിൽ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ക്രിസ്റ്റിയാനിറ്റിയും കമ്മ്യൂണിസവും രണ്ട് സമാന്തര രേഖകളാണ്. അത് ഒരിക്കലും പൊരുത്തപ്പെടുന്നതല്ല. പൂർവ യൂറോപ്യൻ രാജ്യങ്ങളിലെ കമ്യൂണിസത്തെ തകർത്ത് ലോകത്ത് നിന്നും കമ്മ്യൂണിസം ഇല്ലാതാക്കുന്നതിന് ആഗോള കത്തോലിക്കാ സഭക്ക് നേതൃത്വം നൽകാൻ കഴിഞ്ഞിട്ടുണ്ട്.
സഭാ നേതൃത്വം ഏതെങ്കിലും ഒരു രാഷ്ട്രീയ ചേരിയോട് കൂറ് പുലർത്തണം എന്ന അഭിപ്രായം തനിക്കില്ല, സഭയിൽ വിശ്വസിക്കുന്ന ആളുകൾ വെത്യസ്തമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ വിശ്വസിക്കുന്നവരും പ്രവർത്തിക്കുന്നവരും ആണ്.
പക്ഷേ കാലാകാലങ്ങളിൽ വരുന്ന രാഷ്ട്രീയ നീക്കങ്ങൾക്ക് അനുസരിച്ച് നിലപാടുകൾ എടുക്കാനും അതിനുവേണ്ടി പ്രവർത്തിക്കുവാനും ക്രിസ്ത്യൻ സമൂഹത്തിന് എന്നും കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഏതെങ്കിലും ഒരു ചേരിയിൽ കെട്ടാതെ സഭ നിഷ്പക്ഷമായ നിലപാട് സ്വീകരിക്കണമെന്നാണ് തൻ്റെ അഭിപ്രായം എന്നും അദ്ദേഹം പറഞ്ഞു.