പാലാ: പാലാ എം എൽ എ മാണി സി കാപ്പനെ ഇകഴ്ത്തിക്കാണിക്കാനുള്ള കേരളാ കോൺഗ്രസ് എമ്മിൻ്റെ നടപടി പാലാക്കാർ പുച്ഛത്തോടെ തള്ളിക്കളഞ്ഞതായി ഡി സി കെ നിയോജകമണ്ഡലം കമ്മിറ്റി വിലയിരുത്തി. ഉപതിരഞ്ഞെടുപ്പിലും പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതു തരംഗം ഉണ്ടായപ്പോഴും പാലായിൽ കേരളാ കോൺഗ്രസ് ചെയർമാനെ വൻ ഭൂരിപക്ഷത്തിൽ ജനം പരാജയപ്പെടുത്തി മാണി സി കാപ്പനെ വിജയിപ്പിച്ചത് ഇതിന് തെളിവാണ്.
ജനം തിരഞ്ഞെടുത്ത എം എൽ എ യോടുള്ള അസഹിഷ്ണുതയാണ് അദ്ദേഹത്തോടു പരാജയപ്പെട്ട കേരളാ കോൺഗ്രസിനുള്ളത്. കെ എം മാണി എം എൽ എ ആയിരുന്ന കാലത്ത് പാലാക്കാർ രാഷ്‌ട്രീയത്തിനതീതമായി അംഗീകരിച്ചിട്ടുണ്ടെന്നു കേരളാ കോൺഗ്രസ് ഓർമ്മിക്കണം.
ഒരു പദ്ധതിയുടെയും പിതൃത്വം മാണി സി കാപ്പന് ആവശ്യമില്ല. ജനങ്ങളുടെ സേവകനായിട്ടാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുള്ളത്.
കെ എം മാണി മന്ത്രിയും ഇപ്പോഴത്തെ കേരളാ കോൺഗ്രസ് എം ചെയർമാൻ എം പി യും ലോക്സഭാ എം പി യുമുണ്ടായിരുന്ന കാലത്താരംഭിച്ച പദ്ധതി ഇക്കാലമത്രയും മുടങ്ങിക്കിടന്നതിൻ്റെ കാരണം കേരളാ കോൺഗ്രസ് വ്യക്തമാക്കണം. ഇവർ ഭരണം നിർവ്വഹിച്ചിരുന്ന കാലത്ത് ജനപ്രതിനിധി പോലുമല്ലാതിരുന്ന മാണി സി കാപ്പൻ പാലാ ബൈപാസിൻ്റെ പൂർത്തിയാക്കുന്നത് തടസ്സപ്പെടുത്തിയെന്ന ആരോപണം പാലാക്കാരുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുകയാണ്. ഇതിലൂടെ കെ എം മാണി യും ജോസ് കെ മാണിയും കഴിവുകെട്ടവരാണെന്ന് കേരളാ കോൺഗ്രസ് (എം) തുറന്നു സമ്മതിക്കുകയാണ്.
കെ എം മാണിയുടെ കാലത്ത് ആരംഭിച്ചെങ്കിലും പൂർത്തിയാക്കാതെ നിലച്ചുപോയ പാലാ ബൈപ്പാസ് പൂർത്തീകരണം, കളരിയാന്മാക്കൽ പാലം അപ്രോച്ച് റോഡ്, അരുണാപുരം റെഗുലേറ്റർ കം ബ്രിഡ്ജ്, രാമപുരം കുടിവെള്ള പദ്ധതി, തലനാട് കുടിവെളള പദ്ധതി എന്നിവയടക്കം നിരവധി പദ്ധതികളുടെ പൂർത്തീകരണത്തിന് പണം അനുവദിച്ചത് കഴിഞ്ഞ ഇടതുസർക്കാരിൻ്റെ കാലത്താണ്.
കേരളാ കോൺഗ്രസ് (എം) ഇടതു മുന്നണിയിൽ ഉണ്ടായിരുന്നില്ല. 12 വർഷമായി തകർന്നു കിടന്നിരുന്ന ഇലവീഴാപൂഞ്ചിറ അടക്കം നിരവധി റോഡുകൾക്കു മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയ്യെടുത്താണ് തുക അനുവദിച്ചിട്ടുള്ളത്. കിഴപറയാറ്റിൽ ആശുപത്രി കെട്ടിടം പൂർത്തീകരിക്കാൻ 95 ലക്ഷം രൂപ അനുവദിച്ചത് മാണി സി കാപ്പനാണ്. കെ എം മാണിയുടെ കാലത്ത് ആരംഭിച്ചതും നിലച്ചുപോയതുമാണ് കെ എസ് ആർ ടി സി കോംപ്ലക്സ് പൂർത്തീകരണം.
കേരളാ കോൺഗ്രസ് എമ്മിൻ്റെ മന്ത്രി കൈകാര്യം ചെയ്യുന്ന ജലവിഭവ വകുപ്പിൻ്റെ കീഴിലുള്ള അരുണാപുരം റെഗുലേറ്റർ കം ബ്രിഡ്ജ്, രാമപുരം കുടിവെള്ള പദ്ധതി ഇവ നടപ്പാക്കാൻ ആർജ്ജവം കാട്ടണം. ഈ പദ്ധതികളിൽ അലംഭാവം തുടരുകയാണ്. ചെറിയാൻ ജെ കാപ്പനും കെ എം ചാണ്ടിയും ആരംഭിച്ച സൊസൈറ്റികൾ കേരളാ കോൺഗ്രസ് (എം) ഭരണ നേതൃത്വത്തിൽ വന്നതിനെത്തുടർന്നു പണം നിക്ഷേപിച്ച കർഷകർക്കു പണം നൽകാതെ പൂട്ടിയിരുന്നു.
650 ൽ പരം തൊഴിലാളികൾ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങൾ കേരളാ കോൺഗ്രസിൻ്റെ പിടിപ്പുകേടിൻ്റെ ഫലമായി 140 കോടി രൂപ നഷ്ടത്തിൽ പൂട്ടിപ്പോകേണ്ടി വന്നത്. മാണി സി കാപ്പൻ മുൻകൈയ്യെടുത്തതിനെത്തുടർന്ന് സർക്കാർ ഇവയുടെ പുനരുദ്ധാരണത്തിന് കൺസോർഷ്യം രൂപീകരിച്ചിരുന്നു. എന്നാൽ അതിനെ തടസ്സപ്പെടുത്താൻ ഇപ്പോൾ അഡ്മിനിസ്ട്രേറ്ററെ നിയോഗിച്ചിരിക്കുകയാണ്.
ചികിത്സയ്ക്കായി സ്വരുക്കൂട്ടിയ പണം വരെ നഷ്ടമായ കർഷകർക്കു പണം തിരിച്ചു കൊടുക്കാനുള്ള നടപടി സ്വീകരിക്കാൻ കേരളാ കോൺഗ്രസ് (എം) തയ്യാറാകണം. ജനറൽ ആശുപത്രിയിൽ കെട്ടിടം നിർമ്മിച്ചതല്ലാതെ വൈദ്യുതിയോ ലിഫ്റ്റ് സൗകര്യമോ ഏർ
പ്പെടുത്തിയിരുന്നില്ല. മാണി സി കാപ്പൻ എം എൽ എ ആയ ശേഷമാണ് നടപടി സ്വീകരിച്ചത്. ഏറെ കൊട്ടിഘോഷിച്ച ഓക്സിജൻ പ്ലാൻ്റ് മറ്റ് 18 ഇടത്ത് നന്നായി പ്രവർത്തിക്കുന്നുണ്ട്. പാലായിൽ മാത്രം ഇതേവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല എന്നതു ഇവർ കാണുന്നില്ല.
ആയിരങ്ങൾക്കു തൊഴിൽ വാഗ്ദാനം ചെയ്ത പാലാഴി ടയർ ഫാക്ടറി, മരങ്ങാട്ടുപിളളി സ്പിന്നിംഗ് മിൽ എന്നിവ പതിറ്റാണ്ടുകളായി ആരുടെയോ സ്വപ്ന പദ്ധതിയായി അവശേഷിക്കുയാണ്. ഇതിനായി പിരിച്ച പണം എന്തു ചെയ്തുവെന്ന് ജനങ്ങളോട് വെളിപ്പെടുത്തണം.
പാലായുടെ വികസനത്തിൽ രാഷ്ട്രീയമില്ലെന്ന മാണി സി കാപ്പൻ എം എൽ എ യുടെ നിലപാട് സ്വാഗതാർഹമാണ്. പാലായുടെ വികസനം സംബന്ധിച്ചു പരസ്യസംവാദത്തിന് കേരളാ കോൺഗ്രസ് (എം) തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന നിർവ്വാഹക സമിതിയംഗം എം പി കൃഷ്ണൻനായർ അധ്യക്ഷത വഹിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19