poonjar

പാലങ്ങളുടെ പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിച്ചു

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ തകരാറിലായ 3 പാലങ്ങൾ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് മുഖേന 26.74 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

തീക്കോയി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ഞണ്ടുകല്ല് പാലത്തിന് 8.35 ലക്ഷം രൂപയും , പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ വെട്ടുകല്ലാംകുഴി പാലത്തിന് 5.83 ലക്ഷം രൂപയും , കോരുത്തോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ പനക്കച്ചിറ പാലത്തിന് 12.56 ലക്ഷം രൂപയും പ്രകാരമാണ് പാലങ്ങളുടെ നവീകരണത്തിന് ഫണ്ട് അനുവദിച്ചിട്ടുള്ളത്.

ഈ മൂന്നു പാലങ്ങളും തകരാറിലായതുമൂലം അപകടാവസ്ഥയുണ്ട് എന്നത് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി. എ മുഹമ്മദ് റിയാസിന് നിവേദനം നൽകിയതിനെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്.

കൂടാതെ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ ഇളംകാട് ടൗൺ പാലവും, ഏന്തയാർ മുക്കുളം പാലവും ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും, ഇരുപത്തിയാറാം മൈൽ -എരുമേലി റോഡിലെ ഇരുപത്തിയാറാം മൈലിൽ പുതിയ പാലം നിർമാണത്തിന് സ്ഥലമേറ്റെടുപ്പ് നടപടികൾ നടന്നുവരികയാണെന്നും എംഎൽഎ അറിയിച്ചു.

നിയോജകമണ്ഡലത്തിൽ എരുമേലി ഗ്രാമപഞ്ചായത്തിലെ മൂക്കൻപെട്ടി പാലം, തിടനാട് ഗ്രാമപഞ്ചായത്തിലെ ചിറ്റാറ്റിൻകര പാലം, പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ കാവുംകടവ് പാലം, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ പാതാമ്പുഴ പാലം എന്നീ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പാലങ്ങളുടെ പുനർനിർമ്മാണത്തിന് ഇൻവെസ്റ്റിഗേഷനുകൾ നടന്നുവരികയാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *