എരുമേലി: എരുമേലി- പമ്പ ദേശീയ പാതയിലെ കരിങ്കല്ലുമൂഴിൽ നിന്നും ആരംഭിക്കുന്ന ഭാഗത്തെ കൊടുംവളവും അതികഠിനമായ കയറ്റവും നിവർത്തണമെന്നാവശ്യത്തിന് പരിഹാരമുണ്ടാകുന്നില്ല. തീർത്ഥാടന കാലത്തും സാധാരണ സമയത്തും അടിക്കടി വാഹനാപകടങ്ങളും മരണങ്ങളും പതിവാണ്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന തീർത്ഥാടകരുടെ വാഹനങ്ങൾക്കും, സ്ക്കൂൾ വാഹനങ്ങൾക്കും മറ്റും ദുഷ്ക്കരമാകുംവിധത്തിലുള്ള വളവും കയറ്റുവുമാണ് ഇവിടെയുള്ളത്. പൊതു പ്രവർത്തകരുടെയും നാട്ടുകാരുടെയും നിരന്തര ആവശ്യങ്ങൾ പരിഗണിച്ച് സ്ഥലം എം എൽ എയും , ദേശീയപാത അതോറിറ്റിയും,
പൊതുമരാമത്ത് വകുപ്പ് അധികൃതരും ചേർന്ന് സ്ഥലം സന്ദർശിച്ച് സമാന്തര പാത നിർമ്മിക്കാമെന്ന് തത്വത്തിൽ അംഗീകരിക്കുകയും , ഇതനുസരിച്ച് എം.എൽ.എ സർക്കാരുമായി ബന്ധപ്പെട്ട് സാമാന്തര പാത നിർമ്മാർണവുമായ് മുന്നോട്ട് പോകുമെന്ന് പറഞ്ഞിട്ട് നാളുകളായിട്ടും ഫലം കണ്ടില്ല.

പൊതു പ്രവർത്തകനായ ബിനു നിരപ്പേൽ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് നിവേദനം സമർപ്പിച്ചെങ്കിലും നടപടി ഉടൻ എന്ന് കടലാസ്സിൽ മാത്രം. എത്രയും പെട്ടെന്ന് സമാന്തരപാത നിർമ്മിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം അയ്യപ്പ ഭക്തരെയും പ്രദേശവാസികളെയും സംഘടിപ്പിച്ച് പ്രതിക്ഷേധ സമരം സംഘടിപ്പിക്കുമെന്നും നാട്ടുകാർ അധികൃതർക്ക് മുന്നറിയിപ്പ് നൽകി.