കൊഴുവനാൽ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ എലിക്കുളം സ്വദേശി ജിൻസ് ജോസിനെ ( 34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 10.30 യോടെ കൊഴുവനാൽ ബാങ്ക് ജംഗ്ഷനു സമീപമായിരുന്നു അപകടം.
തലനാട് പഞ്ചായത്ത് ചോനമലയിൽ കടന്നൽ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു. പാറനാനിക്കൽ ജസ്റ്റിൻ (53) ആണ് മരിച്ചത്. സ്വന്തം കൃഷിയിടത്തിൽ നിൽക്കുമ്പോൾ കടന്നൽ ആക്രമിക്കുകയായിരുന്നു. സംസാരശേഷിയില്ലാത്ത ആളാണ് ജസ്റ്റിൻ. ഗുരുതരമായി പരുക്കേറ്റ ജസ്റ്റിൻ ഓടി സമീപത്തുള്ള വീട്ടിലെത്തി. ആദ്യം തലനാട് ആശുപത്രിയിലും തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ.
മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് സൺറൈസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഐറിൻ ജിമ്മി (18) മരിച്ചു. അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിൻ്റെയും മകളാണ് ഐറിൻ. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവിൽ സഹോദരിക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിൻ ഒഴുക്കിൽ പെടുകയായിരുന്നു. ഫയർഫോഴ്സും ടീം എമർജൻസി പ്രവർത്തകരും സ്ഥലത്ത് പാഞ്ഞെത്തിയപ്പോഴേക്കും അപകടം നടന്ന് 20 മിനിട്ടിലേറെ പിന്നിട്ടിരുന്നു. അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥി എഡ്വിൻ , പ്ലസ്ടു വിദ്യാർത്ഥിനിയായ മെറിൻ എന്നിവരാണ് സഹോദരങ്ങൾ.
പാലാ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരായ കാനം സ്വദേശി അമൽ പ്രമോദ് (22), കൊടുങ്ങൂർ സ്വദേശി സൂരജ് രാജേന്ദ്രൻ ( 22) സ്കൂട്ടർ യാത്രക്കാരനായ പള്ളിക്കത്തോട് സ്വദേശി ശശി ( 62) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ എട്ടു മണിയോടെ പള്ളിക്കത്തോട് അഞ്ചാനി തീയറ്ററിനു സമീപമായിരുന്നു അപകടം.