ഭരണങ്ങാനം: ആയിരത്തി തൊള്ളായിരത്തി ഇരുപത്തിനാലിൽ പ്രവർത്തനമാരംഭിച്ച ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി. സ്‌കൂൾ കർമ്മപഥത്തിൽ നൂറാം വാർഷികം പൂർത്തിയാക്കുകയാണ്. സ്കൂളിൻറെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 09/03/2024 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:15 ന് പൂർവാധ്യാപക- പൂർവവിദ്യാർത്ഥി മഹാസമ്മേളനം “ഓർമ്മച്ചെപ്പ് 1.0” നടത്തപ്പെട്ടു.
സ്കൂൾ ഓഡിറ്റോറിയത്തിൽ കൂടിയ സംഗമത്തിന് സ്കൂൾ മാനേജർ റവ.ഫാ.സഖറിയാസ് ആട്ടപ്പാട്ട് അധ്യക്ഷത വഹിച്ചു. ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷൈനി ജോസഫ് ഏവർക്കും സ്വാഗതം ആശംസിച്ചു.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും ഐ.എസ്.ആർ.ഒ സീനിയർ സയന്റിസ്റ്റുമായ ശ്രീമതി ലിറ്റി ജോസ് സ്കൂൾ അനുഭവങ്ങൾ പങ്കുവെച്ച് സംസാരിക്കുകയുണ്ടായി.
ഒപ്പം സ്കൂളിലെ പൂർവവിദ്യാർത്ഥികളായ മുൻ എം.പി ശ്രീ.ജോയി എബ്രഹാം, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.രാജേഷ് വാളിപ്ലാക്കൽ, കുറവിലങ്ങാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോക്ടർ കെ.ആർ.ബിന്ദുജി, ഫാ.അലക്സ് ഇളംതുരുത്തിയിൽ എന്നിവർ ശതാബ്ദി ആഘോഷങ്ങൾക്ക് ആശംസകൾ അർപ്പിക്കുകയും തങ്ങളുടെ വിദ്യാലയ സ്മരണകൾ പങ്കുവയ്ക്കുകയും ചെയ്തു.
ശതാബ്ദിയാഘോഷിക്കുന്ന സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ സംഗീതാധ്യാപകനായ ശ്രീ. ജോയ് തലനാട് രചിച്ച് ഈണം പകർന്ന്, പൂർവവിദ്യാർത്ഥികളാലപിച്ച ശതാബ്ദിഗാനത്തിന്റെ പ്രകാശനവും പ്രദർശനവും വേദിയും സദസ്സും വർണ്ണാഭമാക്കി.
350 – ഓളം പേർ ഓർമ്മകൾ പങ്കുവയ്ക്കാനെത്തിയ ഈ യോഗത്തിൽ മുതിർന്ന പൂർവാധ്യാപകർ മുതിർന്ന പൂർവവിദ്യാർത്ഥികൾ, ഒപ്പം ഈ സ്കൂളിൽ ഇന്നോളം സേവനം ചെയ്ത എല്ലാ അധ്യാപകരെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു.
നിറഞ്ഞ സദസ്സും പങ്കുവയ്ക്കപ്പെട്ട കുഞ്ഞു കുഞ്ഞോർമ്മകളും കൊച്ചുകൊച്ചു പരിഭവങ്ങളുമെല്ലാം നൂറിന്റെ നിറവിലായിരിക്കുന്ന വിദ്യാലയ മുത്തശ്ശിയെ ബാല്യ-കൗമാര-യൗവനങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയിട്ടുണ്ടാവുമെന്നത് തീർച്ചയാണ്.
ശതാബ്ദിഗാനം കേൾക്കാം