pala

മാർ സ്ലീവാ മെഡിസിറ്റിയിൽ രക്തഗ്രൂപ്പുകൾ മാറിയുള്ള എബിഒ ഇൻകോംപ്ക്ടാബിൾ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം

പാലാ: രക്തഗ്രൂപ്പുകൾ മാറിയുള്ള അത്യപൂർ‌വ്വ എബിഒ ഇൻകോംപ്ക്ടാബിൾ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റിയിൽ വിജയകരമായി നടത്തി. ഗുരുതര കിഡ്നി രോഗം ബാധിച്ച പാലാ സ്വദേശിനിയായ 18 വയസ്സുകാരിക്കാണ് വ്യത്യസ്ത ഗ്രൂപ്പായിരുന്ന മാതാവിന്റെ വൃക്ക മാറ്റിവെച്ചത്.

രക്തഗ്രൂപ്പിലെ പൊരുത്തമില്ലായ്മ മറികടന്നു ജില്ലയിൽ നടത്തിയ ആദ്യത്തെ വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയാണിത്. ഒ പോസിറ്റീവ് ഗ്രൂപ്പായ പെൺകുട്ടിക്ക് എ പോസിറ്റീവ് ഗ്രൂപ്പായ 51 കാരി മാതാവിന്റെ വൃക്ക മാറ്റി വെയ്ക്കുകയായിരുന്നു.

നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റും ട്രാൻസ്പ്ലാന്റ് നെഫ്രോളജിസ്റ്റുമായ ഡോ.മഞ്ജുള രാമചന്ദ്രൻ, യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റും റീനൽ ട്രാൻസ്പ്ലാന്റ് സർജനുമായ ഡോ.വിജയ് രാധാകൃഷ്ണൻ, കാർഡിയോതൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.കൃഷ്ണൻ.സി എന്നിവരുടെ നേതൃത്വത്തിലായിരുന്നു വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ.

ഒന്നരവയസ്സുമുതൽ വൃക്കരോഗത്തിനു ചികിത്സയിലായിരുന്നു പെൺകുട്ടി. തുടർ പരിശോധനയിൽ ഐജിഎ നെഫ്രോപ്പതി എന്ന രോഗമാണെന്നു തിരിച്ചറിഞ്ഞു. ചികിത്സയോടൊപ്പം പെൺകുട്ടി സ്കൂൾ പഠനവും തുടർന്നിരുന്നു.

എസ്.എസ്.എൽ.സി പരീക്ഷയിൽ രണ്ട് വർഷം മുൻപ് 80 ശതമാനത്തിൽ അധികം മാർക്കോടെ ഉന്നത വിജയം നേടുകയും ചെയ്തു. പ്ലസ് വൺ ക്ലാസിലേക്ക് അഡ്മിഷൻ എടുത്തെങ്കിലും രോഗം വീണ്ടും മൂർച്ഛിച്ചതിനെ തുടർന്നു പഠനം തുടരാൻ സാധിച്ചില്ല. തുടർന്ന് ഡയാലിസിസിലൂടെയാണ് മുന്നോട്ട് പോയത്.

രോഗം ഭേദമാക്കുന്നതിന് വൃക്കമാറ്റിവയ്ക്കൽ മാത്രമായിരുന്നു മാർഗം. അനുയോജ്യമായ ഗ്രൂപ്പിൽ ഉൾപ്പെട്ട വൃക്ക ലഭിക്കാൻ ഏറെ ശ്രമങ്ങൾ നടത്തിയെങ്കിലും ലഭിച്ചിരുന്നില്ല. പെൺകുട്ടിയുടെ ജീവൻ നിലനിർത്താൻ വൃക്ക മാറ്റിവെയ്ക്കൽ അനിവാര്യമായി വന്നതോടെയൊണ് മാതാവിന്റെ ഗ്രൂപ്പ് വേറെയാണെങ്കിലും സങ്കീർണ്ണമായ എബിഒ ഇൻകോംപ്ക്ടാബിൾ ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചത്.​ ​

ഗ്രൂപ്പ് മാറിയുള്ള വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുമ്പോൾ രക്തസ്രാവം ഉണ്ടാകാനും വൃക്ക ശരീരം സ്വീകരിക്കാതെ വരാനും ഇൻഫെക്ഷൻ ഉണ്ടാകാനും സാധ്യത ഏറെയായിരുന്നു. ഈ വെല്ലുവിളികൾ അതിജീവിച്ചാണ് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

നെഫ്രോളജി വിഭാഗം കൺസൾട്ടന്റുമാരായ ഡോ.തോമസ് മാത്യു, ഡോ.തരുൺ ലോറൻസ്, യൂറോളജി വിഭാഗം കൺസൾട്ടന്റ് ഡോ.ആൽവിൻ ജോസ്.പി, അനസ്തേഷ്യോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.ലിബി.ജെ.പാപ്പച്ചൻ, കൺസൾട്ടന്റും ട്രാൻസ്പ്ലാന്റ് അനസ്തേഷ്യറ്റുമായ ഡോ.ജെയിംസ് സിറിയക് എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി.

ശസ്ത്രക്രിയെ തുടർന്നു സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയ പെൺകുട്ടി മുടങ്ങി പോയ പ്ലസ് വൺ പഠനത്തിലേക്ക് വീണ്ടും തിരിച്ചെത്താനുള്ള ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *