pala

ബജറ്റ് നിരാശാജനകം; ടോക്കൺ തുക അനുവദിച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ: മാണി സി കാപ്പൻ

പാലാ: പാലായെ സംബന്ധിച്ചു ബജറ്റ് നിരാശാജനകമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഏതാനും പദ്ധതികൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇതാകട്ടെ ആകെ 15 കോടി മാത്രവും. ബാക്കിയെല്ലാം ടോക്കൺ തുക മാത്രമേ വകയിരുത്തിയിട്ടുള്ളൂ. ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും ലോക്സഭാ തിരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയുള്ളതുമാണെന്ന് എം എൽ എ കുറ്റപ്പെടുത്തി.

മുൻകാലങ്ങളിലും ടോക്കൺ തുക വകയിരുത്തിയ ഒട്ടേറെ പദ്ധതികൾ നടപ്പാക്കാത്തതായി ഉണ്ടെന്ന് മാണി സി കാപ്പൻ ചൂണ്ടിക്കാണിച്ചു. താൻ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചശേഷം അക്കാലത്തെ ബജറ്റിൽ ഒട്ടേറെ പദ്ധതികൾക്കു ആവശ്യമായ തുക അനുവദിപ്പിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് എം എൽ എ വ്യക്തമാക്കി.

ചെറിയാൻ ജെ കാപ്പൻ സ്മാരക നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് നവീകരണത്തിനായി നിയമസഭയിലടക്കം സമ്മർദ്ദം ചെലുത്തിയിരുന്നു. മുഖ്യമന്ത്രിയെയും ധനമന്ത്രിയും പലതവണ കണ്ട് ആവശ്യം ഉന്നയിച്ചിരുന്നതായും എം എൽ എ ചൂണ്ടിക്കാട്ടി.

മൂന്നിലവ് ചകണിയാംതടം പാലത്തിന് 4 കോടിയും മുത്തോലി ഇടയാറ്റു ഗണപതി ക്ഷേത്രം റോഡിൽ പാലത്തിന് ഒരു കോടിയും അനുവദിച്ചിട്ടുണ്ട്. അരുണാപുരത്ത് ചെക്ക്ഡാം നിർമ്മിക്കാൻ മൂന്ന് കോടി വകയിരുത്തിയിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു. റബ്ബർ കർഷകരെ പൂർണ്ണമായും വഞ്ചിച്ച ബജറ്റാണ്. 250 രൂപ കുറഞ്ഞത് കർഷകർക്കു ലഭ്യമാക്കേണ്ടതാണ്. പകരം 10 രൂപ അനുവദിച്ചു കർഷകരെ അവഹേളിക്കുകയാണ് ചെയ്തതെന്നും മാണി സി കാപ്പൻ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *