poonjar

സംസ്ഥാന ബഡ്ജറ്റ് : പൂഞ്ഞാറിന് മികച്ച നേട്ടം

പൂഞ്ഞാർ : സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച 2023-24 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് മികച്ച പരിഗണനയാണ് ലഭിച്ചിരിക്കുന്നത് എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

നിയോജക മണ്ഡലത്തിലെ മുഴുവൻ അംഗൻവാടികൾക്കും സ്ഥലം വാങ്ങി കെട്ടിടം നിർമ്മിക്കുന്നതിന് 10 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇത് യാഥാർത്ഥ്യമാകുമ്പോൾ മുഴുവൻ അംഗൻവാടികൾക്കും സ്വന്തമായി സ്ഥലവും കെട്ടിടവും ഉള്ള സംസ്ഥാനത്തെ ആദ്യ നിയോജക മണ്ഡലമായി പൂഞ്ഞാർ മാറും.

മുണ്ടക്കയം- കൂട്ടിക്കൽ- ഇളംകാട്- വാഗമൺ റോഡ് പൂർത്തീകരണത്തിന് കഴിഞ്ഞ ബഡ്ജറ്റിൽ അനുവദിച്ച 12 കോടി രൂപ കൂടാതെ അധികമായി 5 കോടി രൂപ കൂടി അനുവദിക്കപ്പെട്ടിട്ടുണ്ട്. എരുമേലി ശബരി ഗ്രീൻഫീൽഡ് എയർപോർട്ടിന് 1.85 കോടി രൂപ,എരുമേലി, മണിമല, ചിറക്കടവ് പഞ്ചായത്തുകളുടെ സംഗമ സ്ഥാനമായ പഴയിടത്ത് മണിമലയാറിന് കുറുകെ പുതിയ പാലം നിർമ്മിക്കുന്നതിന് 8 കോടി രൂപയും അനുവദിക്കപ്പെട്ടു.

ഇതോടൊപ്പം നവകേരള സദസ്സിൽ ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ എരുമേലി ഗ്രാമപഞ്ചായത്തിലെ മൂലക്കയം ഭാഗത്ത് പമ്പയാറിന് കുറുകെ ചെക്ക് ഡാം കം കോസ്‌വേ നിർമ്മിക്കുന്നതിന് 5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

കൂടാതെ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഈരാറ്റുപേട്ട നഗരസഭയിൽ കാരക്കാട്- ഇളപ്പുങ്കൽ ഭാഗത്ത് മീനച്ചിലാറിന് കുറുകെ പാലം നിർമ്മാണം, പൂഞ്ഞാർ- ഏറ്റുമാനൂർ ഹൈവേ വീതി കൂട്ടി നിർമ്മിക്കൽ, വാഗമൺ വിനോദസഞ്ചാരകേന്ദ്രത്തിന്റെ സമഗ്ര വികസനം , ചേനപ്പാടി കരിമ്പുകയം ഭാഗത്ത് ജല ടൂറിസം പദ്ധതി, പാറത്തോട് ഗ്രാമപഞ്ചായത്ത് കേന്ദ്രമാക്കി കാർഷിക മൂല്യവർധിത ഉൽപ്പന്ന നിർമ്മാണ സംസ്കരണ യൂണിറ്റ് സ്ഥാപിക്കൽ, പൂഞ്ഞാർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജ് ക്യാമ്പസിൽ മിനി ഐടി പാർക്ക് സ്ഥാപിക്കൽ, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ ജെ.ജെ മർഫി സ്മാരക റബർ അധിഷ്ഠിത വ്യവസായ പാർക്ക് സ്ഥാപിക്കൽ തുടങ്ങിയ ശ്രദ്ധേയ പദ്ധതികളും സംസ്ഥാന ബഡ്ജറ്റിൽ ടോക്കൺ പ്രൊവിഷനോടുകൂടി അംഗീകാരം ലഭ്യമായിട്ടുണ്ട്.

അതോടൊപ്പം മുണ്ടക്കയം ടൗണിൽ മുണ്ടക്കയം കോസ് വേയ്ക്ക് സമാന്തരമായി മണിമലയാറിന് കുറുകെ പുതിയ പാലം നിർമ്മാണം, ഈരാറ്റുപേട്ട ടൗണിൽ മുക്കട ജംഗ്ഷനിൽ മീനച്ചിലാറ്റിൽ റെഗുലേറ്റർ കം ബ്രിഡ്ജ്, നിയോജകമണ്ഡലത്തിൽ വിവിധ ഗവൺമെന്റ് സ്കൂളുകൾക്ക് കെട്ടിട നിർമ്മാണ പദ്ധതി, പൂഞ്ഞാർ-മുണ്ടക്കയം- എരുമേലി സംസ്ഥാനപാതയിൽ പാതാമ്പുഴയിൽ പുതിയ പാലം, പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ വന മേഖലയും കൃഷി ഭൂമിയും അതിരിടുന്ന 30 കിലോമീറ്റർ ദൂരത്തിൽ കിടങ്ങ്, ഹാങ്ങിങ് ഫെൻസിങ്, സൗരവേലി തുടങ്ങി വന്യമൃഗങ്ങളിൽ നിന്നും സമ്പൂർണ്ണ കൃഷി ഭൂമി സംരക്ഷണ പദ്ധതി, തീക്കോയി ഗ്രാമപഞ്ചായത്തിൽ മീനച്ചിലാറ്റിൽ രണ്ടാറ്റുമുന്നി- ചേരിപ്പാട് ഭാഗത്ത് റെഗുലേറ്റർ കം ബ്രിഡ്ജ്, എരുമേലി ഗ്രാമപഞ്ചായത്ത് വിഭജിച്ച് മുക്കൂട്ടുതറ കേന്ദ്രമാക്കി പുതിയ ഗ്രാമപഞ്ചായത്ത് രൂപീകരിക്കൽ, എരുമേലിയിലെ നിര്‍ദിഷ്ട ഗ്രീന്‍ ഫീല്‍ഡ് എയര്‍ പോര്‍ട്ട് സ്ഥാപിക്കുന്നതിന് മുന്നോടിയായി പുതിയ റിങ്ങ് റോഡുകളും ,ബൈപ്പാസുകളും ഉള്‍പ്പെടുത്തി എരുമേലി മാസ്റ്റര്‍ പ്ലാന്‍ രണ്ടാം ഘട്ടം , പൂഞ്ഞാര്‍ അടിവാരം -കല്ലില്ലാക്കവല-വഴിക്കടവ് വഴി വാഗമണ്ണിലേക്ക് പുതിയ റോഡ് നിര്‍മ്മാണം, ചോറ്റി – പൂഞ്ഞാര്‍ റോഡ് ബിഎം&ബിസി നിലവാരത്തില്‍ റീ ടാറിങ്, പിണ്ണാക്കനാട് – ചേറ്റുതോട് – പാറത്തോട് റോഡ് ബിഎം&ബിസി നിലവാരത്തില്‍ റീ ടാറിങ്, പൂഞ്ഞാര്‍ കാവുംകടവ് പാലം നിര്‍മ്മാണം, മൂക്കംപെട്ടി പാലം നിര്‍മ്മാണം, തിടനാട് ഗ്രാമപഞ്ചായത്തിൽ ചിറ്റാറ്റിൻകര പാലം നിർമ്മാണം കരിനിലം-പുഞ്ചവയല്‍-504-കുഴിമാവ് റോഡ് BM & BC നിലവാരത്തില്‍ റീടാറിങ് എന്നീ പദ്ധതികളും സംസ്ഥാന ബഡ്ജററ്റിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ഇപ്രകാരം എല്ലാ പ്രകാരത്തിലും പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ സമഗ്രവും സമ്പൂർണ്ണവുമായ വികസന മുന്നേറ്റത്തിന് സഹായകരമായ പദ്ധതികൾ ഈ ബഡ്ജറ്റിൽ ഉൾപ്പെടുത്തുന്നതിന് കഴിഞ്ഞിട്ടുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *