ജെസ്ന തിരോധാന കേസിൽ പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായ പശ്ചാത്തലത്തിൽ സി.ബി.ഐ സംഘം ചൊവ്വാഴ്ച മുണ്ടക്കയത്തെത്തും. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുണ്ടക്കയത്തെ ലോഡ്ജില്‍വെച്ച് ജെസ്നയെ കണ്ടെന്ന് പറഞ്ഞ ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തും. ഇതുസംബന്ധിച്ച നിർദേശം ജീവനക്കാരിക്ക് അന്വേഷണസംഘം നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ ഇവരുമായി ഫോണിൽ സംസാരിച്ച സിബിഐ സംഘം പ്രാഥമിക വിവരങ്ങളെല്ലാം ശേഖരിച്ചു. ജീവനക്കാരിയുടെ മൊഴിയ്ക്ക് എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന് കണ്ടെത്തുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. ലോഡ്ജ് ഉടമയെയും സിബിഐ ചോദ്യംചെയ്യും. ലോഡ്ജിന്റെ രജിസ്റ്റർ പിടിച്ചെടുത്ത് പരിശോധിക്കാനാണ് നീക്കം.
കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുണ്ടക്കയത്തെ ലോഡ്ജില്‍വെച്ച് ജെസ്നയെ കണ്ടെന്ന് കഴിഞ്ഞദിവസമാണ് ലോഡ്ജിലെ മുന്‍ ജീവനക്കാരി വെളിപ്പെടുത്തിയത്. ലോഡ്ജില്‍വെച്ച് കണ്ടത് ജെസ്നയെയാണെന്ന് മനസിലായത് പിന്നീട് പത്രത്തില്‍ ഫോട്ടോ കണ്ടപ്പോഴാണെന്നും ലോഡ്ജുടമയുടെ ഭീഷണിയെത്തുടര്‍ന്നാണ് ഇക്കാര്യം അന്ന് വെളിപ്പെടുത്താതിരുന്നതെന്നുമാണ് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞത്.