സ്ത്രീകളുടെ ഉന്നമനത്തിന് ആയിട്ടുള്ള പ്രവർത്തനങ്ങളാണ് തന്റെ സർക്കാർ ചെയ്യുന്നതെന്ന് വീമ്പിളക്കുന്ന പ്രധാനമന്ത്രി തന്റെ ധനകാര്യ വനിതാ മന്ത്രി അവതരിപ്പിച്ച ബജറ്റിൽ വനിതകളെ പൂർണമായും തഴഞ്ഞതായി കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ടും എൽഡിഎഫ് ജില്ലാ കൺവീനറുമായ പ്രൊഫ. ലോപ്പസ് മാത്യു ആരോപിച്ചു.
ഏറ്റവും കൂടുതൽ പാവപ്പെട്ട സ്ത്രീകൾ ഉപജീവന മാർഗമായി ഉപയോഗിക്കുന്ന തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ കുറച്ചതും സ്ത്രീകൾക്ക് ഏറ്റവും ആവശ്യമായ ഗ്യാസിന്റെ സബ്സിഡി പുനസ്ഥാപിക്കാത്തതും സ്ത്രീകളോടുള്ള അവഗണന തന്നെയാണ്.
വനിതാ വികസനത്തിനും, സ്വാതന്ത്ര്യത്തിനും, സാമ്പത്തിക സുരക്ഷിതത്വത്തിനും ഉപകരിക്കുന്ന ഒരു പദ്ധതിയും ബജറ്റിൽ ഇല്ല. സ്ത്രീകൾക്കുള്ള പല പെൻഷൻ പദ്ധതികൾക്കും മതിയായ തുക വക കൊള്ളിച്ചിട്ടില്ല. സ്ത്രീകളുടെ ഉൾപ്പടെ ഉന്നത വിദ്യാഭ്യാസത്തിന് അനുവദിച്ചിരുന്ന ഗ്രാൻഡ് കളുടെ, യു.ജി.സി വഴിയുള്ള തുകയും വെട്ടിച്ചുരുക്കിയിരിക്കുകയാണെന്നും ലോപ്പസ് മാത്യു പറഞ്ഞു.
മേലുകാവ് പഞ്ചായത്ത് കേരള കോൺഗ്രസ് (എം) ആഭിമുഖ്യത്തിൽ നടന്ന വനിതാ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ലോപ്പസ് മാത്യു. ആലീസ് ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വനിതാ കോൺഗ്രസ് എം സംസ്ഥാന പ്രസിഡന്റ് പെണ്ണമ്മ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
സണ്ണി മാത്യു വടക്കേമുളഞ്ഞനാൽ, ആൻസി ജോർജ് വടക്കേചിറയാത്, റ്റിറ്റോ മാത്യു, ജെറ്റോ ജോസ്, അലക്സ് ജോസഫ് അഡ്വ. ഗില്ലറ്റ് ഈനാസ്, ജോൺസൺ പാമ്പയ്ക്കൽ, സുരേഷ് പൂവത്തുങ്കൽ, ജോബി ജോസഫ്, റോണി കുര്യാക്കോസ്, രജിത മോൾ തുടങ്ങിയവർ പ്രസംഗിച്ചു.