aruvithura

അരനൂറ്റാണ്ടായി പുസ്തകങ്ങളുടെ കാവൽക്കാരൻ; ലാഭമല്ല, വായനയാണ് സമ്പത്ത്; ആയിരങ്ങളുടെ വായനാ യാത്രയ്ക്ക് വഴികാട്ടിയായി അരുവിത്തുറ ബുക്ക് ഹൗസിലെ ബാബു ചേട്ടൻ

അരുവിത്തുറ: ഒരു പുസ്തകം തേടി എത്തുന്ന വിദ്യാർഥിയോട് “ഇല്ല” എന്ന് പറയാൻ ഇന്നും മനസ്സുവരാത്ത മനുഷ്യൻ. കടയിൽ സ്റ്റോക്കില്ലെങ്കിൽ പോലും എവിടെനിന്നെങ്കിലും സംഘടിപ്പിച്ച് പറഞ്ഞ സമയത്ത് കൈമാറാൻ ഓടിനടക്കുന്ന പുസ്തകവ്യാപാരി. വായനയുടെ സംസ്കാരം തലമുറകളിലേക്ക് കൈമാറാൻ അരനൂറ്റാണ്ടായി ജീവിതം സമർപ്പിച്ച ഈ മനുഷ്യനെയാണ് അരുവിത്തുറയും ഈരാറ്റുപേട്ടയും സ്നേഹത്തോടെ വിളിക്കുന്നത് – ബാബു ചേട്ടൻ.

വായനയുടെ സന്ദേശം പുസ്തകങ്ങളെ വായിക്കുക മാത്രമല്ല, വായനയെ ജീവിതദൗത്യമായി ഏറ്റെടുത്തവരെ ആദരിക്കുക കൂടിയാണ്. അത്തരത്തിൽ തലമുറകളുടെ വായനാശീലങ്ങൾക്ക് നിശ്ശബ്ദമായി കരുത്തുപകർന്ന ഒരാളാണ് പാലാ അരുണാപുരം മംഗലത്തിൽ വീട്ടിൽ ആർ. ബാബു.

ദിവസവും പാലായിൽ നിന്ന് അരുവിത്തുറയിലെ ബുക്ക് ഹൗസിലെത്തുന്ന ബാബു ചേട്ടന്റെ ദിവസം തുടങ്ങുന്നത് രാവിലെ 6.45-നാണ്. കട തുറന്നാൽ വൈകിട്ട് 6.45 വരെ – പന്ത്രണ്ട് മണിക്കൂർ – പുസ്തകങ്ങൾക്കിടയിലാണ് ജീവിതം. വീട്, ഓഫീസ്, സൗഹൃദവേദി എല്ലാം ഈ ചെറിയ പുസ്തകശാല തന്നെയാണ്.

സഹോദരൻ ആർ. മണി ആരംഭിച്ച ബുക്ക് ഹൗസ്, പിന്നീട് ഐ.എസ്.ആർ.ഒയിൽ ജോലി ലഭിച്ചതോടെ ബാബുവിന്റെ കൈകളിലെത്തി. ഏറ്റുമാനൂർ ടെക്നിക്കൽ ഹൈസ്കൂളിൽ ഐ.ടി.ഐ പഠനം പൂർത്തിയാക്കിയ പതിനെട്ടുകാരനായ ബാബു ഏറ്റെടുത്ത ആ ഉത്തരവാദിത്തം ഇന്ന് അരനൂറ്റാണ്ടിന്റെ നിറവിലേക്ക് എത്തുകയാണ്. ഇപ്പോൾ 68-ാം വയസ്സിലും അതേ ആത്മാർഥതയോടെ പുസ്തകങ്ങൾക്കൊപ്പം അദ്ദേഹം ജീവിക്കുന്നു.

ഇത്രയും വർഷത്തെ യാത്രയിൽ ബാബു ചേട്ടന് പകരക്കാരനായി ഇതുവരെ ആരെയും നിയമിച്ചിട്ടില്ല. മറ്റൊരു ജീവനക്കാരനില്ലാതെ എല്ലാ കാര്യങ്ങളും ഇന്നും അദ്ദേഹം ഒറ്റയ്ക്കാണ് കൈകാര്യം ചെയ്യുന്നത്. ആദ്യകാലത്ത് കോട്ടയത്ത് നിന്ന് പുസ്തകങ്ങൾ ബസിലായിരുന്നു എത്തിച്ചിരുന്നത്. വലിയ കെട്ടുകളും ഭാരമേറിയ പുസ്തകങ്ങളും ബസിൽ നിന്ന് ഇറക്കാൻ ചുമട്ടുതൊഴിലാളികളുടെ സഹായം തേടേണ്ടിവന്നു. പിന്നീട് സ്കൂട്ടറും കാറും ഉൾപ്പെടെ വിവിധ വാഹനങ്ങൾ ഉപയോഗിച്ചാണ് പുസ്തകങ്ങൾ എത്തിച്ചുതുടങ്ങിയത്. കാലം മാറിയെങ്കിലും പുസ്തകങ്ങളോടുള്ള ആത്മാർഥതയ്ക്ക് ഇന്നും ഒരു മാറ്റവുമില്ല.

വലിയ പരസ്യങ്ങളോ ആഢംബരങ്ങളോ ഇല്ലാത്ത ‘ബുക്ക് ഹൗസ്’ ഇന്ന് ഈരാറ്റുപേട്ട മേഖലയിലെ ഏറ്റവും വലിയ പുസ്തകശേഖരങ്ങളിലൊന്നാണ്. അമ്പതിനായിരത്തിലധികം പുസ്തകങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എൻജിനീയറിങ്, ബി.എഡ്., സി.ബി.എസ്.ഇ., എൻ.സി.ഇ.ആർ.ടി., കോളേജ് പാഠപുസ്തകങ്ങൾ, വിവിധ ഗൈഡുകൾ, ലേബർ ഇന്ത്യ, സ്കൂൾ മാസ്റ്റർ, ബാലസാഹിത്യം, ആനുകാലികങ്ങൾ, മത്സരപരീക്ഷാ ഗൈഡുകൾ തുടങ്ങി വായനക്കാർക്ക് ആവശ്യമായ മിക്ക പ്രസിദ്ധീകരണങ്ങളും ഇവിടെ ലഭ്യമാണ്.

“ഒരു വിദ്യാർഥി ആവശ്യപ്പെടുന്ന പുസ്തകം കടയിൽ ഇല്ലെങ്കിൽ പോലും എങ്ങനെയെങ്കിലും സംഘടിപ്പിച്ച് കൊടുക്കണം. അതാണ് എനിക്ക് സന്തോഷം” – അതാണ് ബാബു ചേട്ടന്റെ വ്യാപാരതത്വം. ലാഭനഷ്ടത്തിന്റെ കണക്കുകളേക്കാൾ വിദ്യാർഥിയുടെ ആവശ്യത്തിനാണ് അദ്ദേഹം പ്രാധാന്യം നൽകുന്നത്. അതുകൊണ്ടുതന്നെ പതിറ്റാണ്ടുകളായി വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിശ്വസ്തനായി അദ്ദേഹം തുടരുന്നു.

ഗവൺമെന്റ് സർവീസിൽ വാട്ടർ അതോറിറ്റിയിൽ ജോലി ലഭിച്ചിരുന്നെങ്കിലും ആ ജോലി വേണ്ടെന്ന് വച്ചാണ് ബാബു ചേട്ടൻ പുസ്തകവ്യാപാരം തെരഞ്ഞെടുത്തത്. “എനിക്ക് പണത്തോട് ഇതുവരെ ആർത്തിയോ ഭ്രമമോ തോന്നിയിട്ടില്ല. ഈ ജീവിതത്തിലും ഈ ബിസിനസിലും ഞാൻ സന്തോഷവാനാണ്,” എന്ന് അദ്ദേഹം പറയുന്നു.

പുസ്തകശാല തുറക്കാതിരുന്ന ദിവസങ്ങൾ വളരെ വിരളമാണ്. കുടുംബത്തിലെ അത്യന്തം വേണ്ടപ്പെട്ടവരുടെ മരണവും ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളും ഒഴികെ അരനൂറ്റാണ്ടിനിടയിൽ കട അടച്ചിട്ടത് അപൂർവം മാത്രം.

ഒരിക്കൽ ഒരു സുഹൃത്ത് തമാശയായി ചോദിച്ച വാക്കുകൾ ഇന്നും അദ്ദേഹത്തിന് ഓർമയുണ്ട്: “ബാബു… നീ ഇത്രയും നാളായിട്ടും രക്ഷപ്പെട്ടില്ല അല്ലേ?” ആ ചോദ്യത്തിന് ബാബു ചേട്ടന്റെ മറുപടി ജീവിതം കൊണ്ടുതന്നെയാണ്. സമ്പത്ത് കൂട്ടാനല്ല, വായന വളർത്താനാണ് അദ്ദേഹം ഈ തൊഴിൽ തെരഞ്ഞെടുത്തത്.

ബുക്ക് ഹൗസിലൂടെ പുസ്തകങ്ങൾ വാങ്ങി പഠിച്ചവരിൽ ഇന്ന് ഡോക്ടർമാരും അധ്യാപകരും എഞ്ചിനീയർമാരും സർക്കാർ ഉദ്യോഗസ്ഥരും വിദേശരാജ്യങ്ങളിൽ ഉന്നത സ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരും ഏറെയുണ്ട്. വർഷങ്ങൾക്കുശേഷവും പഴയ ഓർമകൾ പുതുക്കാൻ പലരും ബുക്ക് ഹൗസിലെത്താറുണ്ട്. വിദേശത്തുനിന്നുപോലും ബാബു ചേട്ടനെ തേടി ഫോൺവിളികൾ എത്തുന്നു. അടുത്തിടെ അമേരിക്കയിൽ നിന്നു വിളിച്ച പഴയ ഉപഭോക്താവായ വിൽസണുമായി വർഷങ്ങളുടെ ഇടവേളയ്ക്കുശേഷവും അദ്ദേഹം അതേ സ്നേഹബന്ധം പങ്കുവെച്ചു.

ഈ അധ്യയനവർഷം സ്കൂൾ തുറന്ന ദിവസങ്ങളിലുണ്ടായ ഒരു സംഭവം ബാബു ചേട്ടന്റെ ജീവിതത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായിരുന്നു. ഏഴാം ക്ലാസിൽ പ്രവേശനം നേടിയ മകനുമായി പുസ്തകങ്ങൾ വാങ്ങാനെത്തിയ ഒരു പിതാവ്, “ബാബു ചേട്ടാ… എന്റെ മകനെ ഒന്ന് അനുഗ്രഹിക്കണം. അവന്റെ പഠനയാത്രയ്ക്ക് നിങ്ങളുടെ അനുഗ്രഹം വേണം,” എന്ന് പറഞ്ഞപ്പോൾ ഒരു നിമിഷം വാക്കുകൾ മുറിഞ്ഞുപോയി. അരനൂറ്റാണ്ടോളം പുസ്തകങ്ങൾ വിറ്റ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ആദരവുകളിൽ ഒന്നായി ആ നിമിഷത്തെ ബാബു ചേട്ടൻ ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു.

ദിവസം മുഴുവൻ പുസ്തകങ്ങൾക്കിടയിൽ കഴിയുന്ന ബാബു ചേട്ടന് സ്വന്തം വായനയ്ക്ക് സമയം കുറവാണ്. കിട്ടുന്ന അപൂർവസമയങ്ങളിൽ നോവലുകളും സാഹിത്യകൃതികളും വായിക്കാനാണ് ഇഷ്ടം.

ഡിജിറ്റൽ യുഗത്തിലും ഒരു പുസ്തകം ഒരു ജീവിതത്തെ മാറ്റിമറിക്കുമെന്ന വിശ്വാസം കൈവിടാതെ അരുവിത്തുറയിലെ ഈ ചെറിയ പുസ്തകശാലയിൽ നിന്ന് ബാബു ചേട്ടൻ ഇന്നും വായനയുടെ വെളിച്ചം പകരുകയാണ്. തലമുറകൾ മാറിയിട്ടും മാറാത്ത ആ സമർപ്പണമാണ് അദ്ദേഹത്തെ ഈ നാടിന്റെ പ്രിയപ്പെട്ട ‘പുസ്തക മനുഷ്യൻ’ ആക്കിയത്.

ഭാര്യ: സരസമ്മ. മകൻ: ബിനീഷ് ബാബു (തൊടുപുഴ ആക്സിസ് ബാങ്ക് ഉദ്യോഗസ്ഥൻ)
ബന്ധപ്പെടാൻ: 9496158443

Leave a Reply

Your email address will not be published. Required fields are marked *