കോതമംഗലത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളജിലെ മൂന്നാം വർഷ ബി ഡി എസ് വിദ്യാർഥികൾ ആണ് മരിച്ചത്.
പെരിയാറിൽ ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മറ്റ് രണ്ടുപേർക്കും കൂടി ജീവൻ നഷ്ടമാകുന്ന സ്ഥിതി ഉണ്ടായത്. കോട്ടയം സ്വദേശി അതുൽ, തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ് എന്നിവരാണ് പെരിയാറിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്.
കോതമംഗലം നഗരത്തിൽ നിന്ന് 16 കിലോമീറ്റർ അകലെ വനമേഖലയോട് ചേർന്നുള്ള വടാട്ടുപാറയിലെ പല്ലവൻ പടിയിലാണ് ഉച്ചയോടെ ഒൻപത് പേരടങ്ങുന്ന സംഘം എത്തിയത്. ശക്തമായ നീരൊഴുക്ക് പെരിയാറിൽ ഉണ്ടായിരുന്നില്ല എങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയുടെ ഭാഗമായി ജലനിരപ്പ് ഉയർന്നിട്ടുണ്ടായിരുന്നു.
പരിചയമില്ലാത്ത ഭാഗത്ത് ഒഴുക്കിൽപ്പെട്ട ആളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ടുപേർ കൂടി ആഴങ്ങളിലേക്ക് പതിക്കുകയായിരുന്നു എന്നാണ് വിവരം. വിനോദസഞ്ചാരികൾ ഏറെ എത്തുന്ന ഇവിടെ സുരക്ഷാ സംവിധാനങ്ങളുടെ പാളിച്ചയും വലിയ വെല്ലുവിളിയാണ്.
നാട്ടുകാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ കോതമംഗലത്ത് നിന്ന് അഗ്നിരക്ഷാസേനയും സ്കൂബ ടീമും എത്തി. പരിചയസമ്പന്നരായ നാട്ടുകാരെ അടക്കം ഉൾപ്പെടുത്തി നടത്തിയ തിരച്ചിലാണ് മൂവരെയും കണ്ടെത്തിയത്. തുടർന്ന് കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.





