മുണ്ടക്കയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 4 ലക്ഷം രൂപ വിനിയോഗിച്ച് ഏന്തയാർ സെന്റ് മേരിസ് പള്ളി ജംഗ്ഷനിൽ നിർമ്മിച്ച വെയിറ്റിംഗ് ഷെഡ്ഡിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഇവിടെ മുൻപ് നിലവിലുണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ് പ്രളയത്തിൽ തകർന്നു പോയതിനെ തുടർന്ന് പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു.
തീർത്ഥാടന കേന്ദ്രം കൂടിയായ ഏന്തയാർ വേളാങ്കണ്ണി മാതാ പള്ളിയിൽ എത്തുന്ന ഭക്തജനങ്ങൾ,സമീപ പ്രദേശങ്ങളായ പ്ലാപ്പള്ളി, ചാത്തൻ പ്ലാപ്പള്ളി, മാത്തുമല, ഒളയനാട്, വള്ളക്കാട്,മുണ്ടപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ എല്ലാം ബസ് യാത്രയ്ക്ക് എത്തിച്ചേരുന്നത് ഏന്തയാർ പള്ളി ജംഗ്ഷനിലാണ്.
അതിനാൽ തന്നെ ഇവിടെ ഒരു വെയിറ്റിംഗ് ഷെഡ് വളരെ അത്യാവശ്യമായിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് പള്ളി അധികൃതരും വ്യാപാരി വ്യവസായികളും മറ്റും ചേർന്ന് എംഎൽഎയ്ക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് വെയിറ്റിംഗ് ഷെഡിന് ഫണ്ട് അനുവദിച്ചത്.
സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള ലിമിറ്റഡ് ആണ് (SILK) മനോഹരമായ വെയ്റ്റിംഗ് ഷെഡ് നിർമ്മിച്ചത്. ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എസ് സജിമോൻ,കെ.എസ് മോഹനൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ സണ്ണി, ഫാ.സേവ്യർ മാമ്മൂട്ടിൽ,എ.ജെ ജോസഫ് അറയ്ക്കപ്പറമ്പിൽ, പയസ് വാലുമ്മേൽ, എ.കെ ഭാസി പൊതുപ്രവർത്തകരായ ടി. പി റഷീദ് , ബേബിച്ചൻ ആറ്റുചാലിൽ, ജോഷി മുത്തനാട്ട്, കിരൺ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.





