പാലാ: ബ്രിട്ടനിലെ പ്രശസ്തമായ സ്റ്റൗർപോർട്ട് ഓൺ സെവർൺ ക്രിക്കറ്റ് ക്ലബ്ബ് (Stourport Cricket Club, UK) അവരുടെ വാർഷിക ഇന്ത്യാ ടൂറിൻ്റെ ഭാഗമായി പാലാ സെൻ്റ് തോമസ് കോളേജിലെത്തുകയും കോളേജിലെ സ്റ്റാഫ് അംഗങ്ങൾ ഉൾപ്പെട്ട ടീമുമായി സൗഹൃദമത്സരം നടത്തുകയും ചെയ്തു.
സെൻ്റ് തോമസ് കോളേജിലെ അദ്ധ്യാപകരും അനദ്ധ്യാപകരും ഉൾപ്പെട്ട ടീം 23 റൺസിന് വിജയം സ്വന്തമാക്കി. സ്റ്റൗർപോർട്ട് ക്രിക്കറ്റ് ക്ലബ്, കായിക പ്രോത്സാഹനം, യുവതാരങ്ങളുമായുള്ള സംവാദങ്ങൾ, സൗഹൃദ മത്സരങ്ങൾ, സാംസ്കാരിക ഇടപെടലുകൾ എന്നിവ ലക്ഷ്യമാക്കി സംഘടിപ്പിച്ചിരിക്കുന്നതാണ് ഈ യാത്ര. സ്റ്റൗർപോർട്ട് ക്രിക്കറ്റ് ക്ലബ്, ഇംഗ്ലണ്ടിൽ 1884 മുതൽ വിവിധ ലീഗുകളിൽ കളിച്ചു വരുന്നതാണ്.
സന്ദർശക സംഘാംഗങ്ങൾ കോളേജിന്റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക സൗകര്യങ്ങളും പരിശീലന സംവിധാനങ്ങളും സന്ദർശിക്കുകയും ഏറെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും അടുത്ത വർഷവും പാലാ സെന്റ് തോമസ് കോളേജ്, സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
ടോസ് നേടി കോളേജ് സ്റ്റാഫ് ടീം ക്യാപ്റ്റൻ അലൻ സഖറിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയും, മികച്ച ടീം പ്രകടനത്തിന്റെ ബലത്തിൽ 10 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് എന്ന മികച്ച സ്കോർ ഉയർത്തുകയും ചെയ്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ സ്റ്റൗർപോർട്ട് ടീം 6 വിക്കറ്റിന് നഷ്ടത്തിൽ 85 റൺസ് എന്ന നിലയിൽ മത്സരം പൂർത്തിയാക്കി. മത്സരത്തിലെ മികച്ച പ്രകടനത്തിനായി സെന്റ് തോമസ് കോളേജ് ടീമിലെ ജെയ്സ് ഡി സാനുവിനെ ‘പ്ലെയർ ഓഫ് ദി മാച്ച്’ ആയി തെരഞ്ഞെടുത്തു.
കോളേജിലെ വിദ്യാർത്ഥികൾ, അധ്യാപകർ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ മത്സരത്തിന് സാക്ഷ്യം വഹിക്കുകയും ഇരു ടീമുകൾക്കും ആവേശ പൂർണമായ പിന്തുണ നല്കുകയും ചെയ്തു.
മത്സരത്തിൽ പങ്കെടുത്ത ഇരു ടീമുകളിലെയും കളിക്കാരെ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, ബർസാർ ഫാ. മാത്യു ആലപ്പാട്ട്മേടയിൽ എന്നിവർ ചേർന്ന് ആശംസകൾ നേർന്നു.





