കുറവിലങ്ങാട്: പ്രതിഭാശാലികളായ യുവാക്കളാണ് ഭാരതത്തിൻ്റെ അമൂല്യമായ മൂലധനം. അവരാണ് ഭാവിഭാരതത്തെ പടുത്തുയർത്തേണ്ടത്. ലോകത്തിൽ ഏറ്റവും അധികം യുവാക്കൾ ഉള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. യുവത്വ സൂചികയിൽ ഭാരതത്തിന് പ്രഥമസ്ഥാനമുണ്ട്. യുവാക്കളെ പ്രതിഭാശാലികളായി വളർത്തിയെടുക്കുകയാണ് കലാലയങ്ങൾ ലക്ഷ്യം വയ്ക്കേണ്ടത്.
സൈനിക സേവനത്തിന്റെ ഭാഗമായി ഇന്ത്യയുടെ വിവിധസംസ്ഥാനങ്ങളിൽ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തുവഴി ലഭിച്ച വൈവിധ്യപൂർണ്ണമായ മനുഷ്യാനുഭവങ്ങളാണ് തൻ്റെഎഴുത്തിൻ്റെ കാതൽ. ഓരോ ദേശത്തും കണ്ടുമുട്ടിയ വ്യത്യസ്തരായ വ്യക്തികളെയാണ് എഴുത്തിലൂടെ താൻ പുനർജനിപ്പിക്കാൻ ശ്രമിക്കുന്നത് എന്ന് ഡോ. സോണിയ ചെറിയാൻ അഭിപ്രായപ്പെട്ടു.
എഴുത്തിന്റെയും വായനയുടെയും ലോകം അതിവിശാലവും സർഗാത്മകവുമാണ്. ലോകത്ത് ഏതെങ്കിലും മനുഷ്യൻ നട്ടെല്ല് ഉയർത്തി നിന്നിട്ടുണ്ടെങ്കിൽ അവൻ്റെ പിൻബലം പുസ്തകങ്ങളാണ്. സർഗാത്മകതയിലേക്ക് ഉള്ള താക്കോലുകളാണ് പുസ്തകങ്ങൾ.
കുറവിലങ്ങാട് ദേവമാതാ കോളേജ് സംഘടിപ്പിച്ച വായനദിന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു ഡോ. സോണിയ ചെറിയാൻ. കോളേജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി റവ. ഡോ. തോമസ് മേനാച്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ശ്രീ തോമസ് ചാഴികാടൻ എക്സ് എം. പി. ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, പ്രോഗ്രാം കോഡിനേറ്റർ ഡോ. മിനി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ റവ.ഫാ. ഡിനോയി മാത്യു, ബർസാർ റവ.ഫാ. ജോസഫ് മണിയൻചിറ, ഡോ. ജോബിൻ ജോസ്, ഡോ. ദീപ തോമസ്, ഡോ. സിജി ചാക്കോ, ഡോ. റെന്നി എ. ജോർജ്, സിസ്റ്റർ ഡോ. സിന്ധു സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.