ഈരാറ്റുപേട്ട : നാടിന്റെ മാലിന്യ പ്രശ്നം ശരിയായി പരിഹരിക്കേണ്ട രീതി എങ്ങനെയെന്ന് കുട്ടികൾ അറിയാൻ വഴിയൊരുക്കുകയാണ് കുട്ടികൾ തന്നെ വരച്ച ചിത്രങ്ങൾ. ആ ചിത്രങ്ങൾ നാളെ ഈരാറ്റുപേട്ട ബ്ലോക്കിലെ രണ്ട് സ്കൂളുകളിൽ പ്രദർശിപ്പിക്കുകയാണ്.
ശുചിത്വ പരിപാലന വിഷയത്തിൽ കോട്ടയം ജില്ലയിൽ കുട്ടികൾ വരച്ചവയിൽ ഏറ്റവും മികച്ച ചിത്രങ്ങൾ ആണ് പ്രദർശനത്തിന് എത്തുന്നത്. മാലിന്യ മുക്തം നവകേരളം, സ്വച്ഛത ഹി സേവ ക്യാമ്പയിൻ എന്നിവയുടെ ഭാഗമായാണ് കോട്ടയം ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞയിടെ ജില്ലാതലത്തിൽ കുട്ടികൾക്കായി ചിത്ര രചന മത്സരം നടത്തിയത്.
ഇതിൽ ഏറ്റവും മികച്ച ചിത്രങ്ങൾ ആണ് നാളെ ശുചിത്വ മിഷൻ പ്രദർശിപ്പിക്കുന്നത്. എല്ലാത്തരം മാലിന്യങ്ങളും ഒന്നിച്ചു കൂട്ടി ഇടുന്ന പഴയ ശീലം മനുഷ്യർ മറക്കണമെന്ന് ചിത്രങ്ങൾ നമ്മെ ഓർമിപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് പറഞ്ഞു.
നാളെ ഉച്ചക്ക് രണ്ടിന് വാകക്കാട് സെന്റ് അൽഫോൻസാ സ്കൂളിൽ ആദ്യ പ്രദർശനം നടക്കും. ഇതിന് ശേഷം തീക്കോയി സെന്റ് മേരീസ് സ്കൂളിൽ ആണ് പ്രദർശനം. ബ്ലോക്ക് തലത്തിൽ പരമാവധി രണ്ട് സ്കൂളുകളിൽ ആണ് ചിത്ര പ്രദർശനം. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് നിർവഹിക്കും.
ബ്ലോക്ക് വൈസ് പ്രസിഡന്റ് കുര്യൻ തോമസ്, ബ്ലോക്ക് ആരോഗ്യ, ക്ഷേമ കാര്യ വികസന സ്ഥിരം സമിതി അധ്യക്ഷരായ അജിത് കുമാർ, ഓമന ഗോപാലൻ, ഡിവിഷൻ മെമ്പർ ജെറ്റോ ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ അലക്സി ജോസഫ്, അമ്മിണി തോമസ്, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജെസിൻ മരിയ, ഹെഡ് മാസ്റ്റർമാരായ ജോണിക്കുട്ടി എബ്രഹാം, സിസ്റ്റർ റ്റെസ് , പിടിഎ പ്രസിഡന്റുമാരായ ജോമോൻ, ജോസ് ചെറിയാൻ കിഴക്കേക്കര എന്നിവർ പ്രദർശന പരിപാടിയിൽ പങ്കെടുത്ത് കുട്ടികളോട് സംവദിക്കും.