പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ സ്ഥാപിക്കുന്ന കെ.എം.മാണിക്യാൻസർ ചികിത്സാ കേന്ദ്രത്തിനായി കൂടുതൽ ആധുനിക ഉപകരണങ്ങളും ധനസഹായവും ലഭ്യമാക്കുമെന്നും ഇതിനായി വിവിധ ഏജൻസികളെ സമീപിച്ചിട്ടുള്ളതായും ജോസ്.കെ.മാണി എം.പി അറിയിച്ചു.
എല്ലാവിധ ആധുനിക റേഡിയോ സ്കാനിംഗ് ഉപകരണങ്ങളും മറ്റ് രോഗനിർണ്ണയ ഉപകരണങ്ങളും പാലാ ജനറൽ ആശുപത്രിക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
എം.പി.ഫണ്ട് വിനിയോഗിച്ചുള്ള റേഡിയേഷൻ ബ്ലോക്ക് നിർമ്മാണത്തിനായുള്ള സാങ്കേതിക അനുമതി കൂടി ലഭ്യമായാൽ ഇതിനായുള്ള കെട്ടിട നിർമ്മാണം ആരംഭിക്കുമെന്നും ഇതുസംബന്ധിച്ച നടപടികൾ കേരള ഹെൽത്ത് റിസേർച്ച് & വെൽഫെയർ സൊസൈറ്റി പൂർത്തീകരിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു.
സ്ഥല നിർണ്ണയം നടത്തി മണ്ണുപരിശോധനയും ഇതിനോടകം പൂർത്തീകരിച്ചു കഴിഞ്ഞു. കൂടുതൽ കേന്ദ്ര-സംസ്ഥാന സർക്കാർ സഹായവും ത്രിതല പഞ്ചായത്ത് സഹായവും അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ത്രിതല പഞ്ചായത്തുകളിൽ നിന്നും കൂടുതൽ സാമ്പത്തിക സഹായത്തിനായി സംയുക്ത പ്രൊജക്ട് ആരംഭിക്കുന്നതിന് സംസ്ഥാന തദ്ദേശവകുപ്പ് അനുമതിയും ലഭ്യമാക്കിയിട്ടുണ്ട്. ബജറ്റ് വിഹിതത്തിനായി സംസ്ഥാന ധനകാര്യ വകുപ്പുമായും ചർച്ചകൾ നടത്തി.
ക്യാൻസർ ചികിത്സാ പ്രൊജക്ടിന് കൂടുതൽ സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, നഗരസഭാoഗങ്ങൾ, ആശുപത്രി മനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നൽകിയ നിവേദനത്തിനു മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
സിദ്ധ, യൂനാനി ചികിത്സാകേന്ദ്രങ്ങൾ കൂടി പാലായിൽ ആരംഭിക്കുന്നതിനായി ഇടപെടണമെന്ന് നഗരസഭാ ചെയർമാൻ അഭ്യർത്ഥിച്ചു. നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസ് പുത്തൻ കാലാ, നിർമ്മല ജിമ്മി, പി.എം.മാത്യു, ആൻ്റോ പടിഞ്ഞാറേക്കര ,ബൈജു കൊല്ലം പറമ്പിൽ, ബിജി ജോജോ ,ബിജു പാലൂടവൻ, ജയ്സൺ മാന്തോട്ടം, ടോബിൻ.കെ.അലക്സ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.