പാലാ: നാടിൻ്റെ പ്രധാന ആവശ്യങ്ങൾ മന്ത്രിസഭ സമക്ഷം പൊതു സമൂഹത്തെ സാക്ഷിയാക്കി അവതരിപ്പിച്ചത് വിവാദമായി എങ്കിലും ഇന്ന് ധനകാര്യ മന്ത്രി അവതരിപ്പിച്ച ബജറ്റിലൂടെ നേടിയെടുത്തതിൽ സംതൃപ്തിയിലാണ് പാലായും ജനനേതാക്കളായ ജോസ്.കെ.മാണിയും തോമസ് ചാഴികാടനും.അതോടൊപ്പം എൽ.ഡി.എഫും.
നവകേരള സദസ്സിൻ്റ വിജയത്തിനായി ചേർന്ന എൽ.ഡി.എഫ് യോഗത്തിൻ്റെ ആവശ്യപ്രകാരമാണ് സ്വാഗത പ്രസംഗത്തിൽ ജോസ്.കെ.മാണിയും ആമുഖപ്രസംഗത്തിൽ മുഖ്യമന്ത്രിയെ ക്ഷണിച്ചു കൊണ്ട് തോമസ് ചാഴികാടനും നാടിൻ്റെ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയത്. അവർ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും ബജറ്റിലൂടെ നേടിയിരിക്കുകയുമാണ്.
തുടർച്ചയായ പ്രളയത്തിൽ തകർത്ത പാലാ കെ.എം.മാണി സിന്തറ്റിക് ട്രാക്കിൻ്റെ തകർച്ച പരിഹരിക്കുവാൻ ആവശ്യപ്പെട്ട 7 കോടി രൂപയും ബജറ്റിൽ അനുവദിച്ചിരിക്കുന്നു. നാട്ടിലെ സാധാരണക്കാരുടെ ഏക വരുമാനമാർഗ്ഗമായ റബ്ബർ വില സമാശ്വാസ പദ്ധതി തുക വർദ്ധിപ്പിക്കണമെന്നുള്ള ആവശ്യത്തിന് റബർ വിലസ്ഥിരതാപദ്ധതി 180 രൂപയായി ഉയർത്തി നൽകി നേരിയ ആശ്വാസവും പ്രഖ്യാപിച്ചു. മറ്റൊരാവശ്യമായിരുന്നു ഇഴഞ്ഞു നീങ്ങുന്ന ചേർപ്പുങ്കൽ സമാന്തരപാലം നിർമ്മാണം പൂർത്തിയാക്കുക എന്നതും.
ബജറ്റ് അവതരിപ്പിക്കും മുന്നേ പാലത്തിൻ്റെ അപ്രോച്ച് റോഡ് പൂർത്തിയായി ടാറിംഗും പൂർത്തിയാക്കി. മുടങ്ങിക്കിടന്ന മറ്റൊരു പദ്ധതിക്കും കൂടി പാലായ്ക്ക് അനു മതി ലഭിച്ചു.മീനച്ചിലാറിന് കുറുകെ അരുണാപുരത്ത് സെ.തോമസ് കോളജ് കടവിൽ പാലവും റഗുലേറ്റർ കം ബ്രിഡ്ജിനും തുക അനുവദിച്ചു. മൂന്ന് കോടി രൂപയാണ് ഇതിനായി നീക്കിവച്ചത്.
ജനകീയ ആവശ്യങ്ങൾ നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ച ധന കാര്യ വകുപ്പു മന്ത്രി യേയും സമഗ്ര ഇടപെടൽ നടത്തിയ ജോസ് കെ.മാണിയേയും തോമസ് ചാഴികാടനേയും ജയ്സൺമാന്തോട്ടത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ സംഘടനകളുടെ യോഗം അഭിനന്ദിച്ചു.