കുറവിലങ്ങാട്: ലോക യുവജനനൈപുണ്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേവമാതായിൽ വിദ്യാർത്ഥികൾക്കായി നൈപുണ്യവികസനപരിശീലനവും പ്രദർശനവിപണനമേളയും സംഘടിപ്പിച്ചു. ഐക്യരാഷ്ട്രരക്ഷാ സഭ ജൂലൈ 15 യുവജനനൈപുണ്യദിനമായി ആചരിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.
കുറവിലങ്ങാട് ദേവമാതാ കോളേജിൽ വിദ്യാർത്ഥികൾക്ക് നൈപുണികൾ വളർത്തുന്നതിന് ആവശ്യമായ വിദഗ്ധപരിശീലനം 2025 ജൂൺ 28 മുതൽ ജൂലൈ 15 വരെ നൽകുകയുണ്ടായി. ഇതിനെ തുടർന്ന് വിദ്യാർത്ഥികൾ സ്വയം തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ തങ്ങളുടെപഠന വകുപ്പുകൾക്ക് കീഴിൽ വിവിധസ്റ്റാളുകളിൽ കോളേജ് ഓഡിറ്റോറിയത്തിൽ ക്രമീകരിച്ചിരുന്നു.
ജൂലൈ 15 ന് നടന്ന യുവജനനൈപുണ്യദിനസമ്മേളനം അസിസ്റ്റൻറ് ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് ഓഫീസർ സിനോ ജേക്കബ് മാത്യു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ റവ. ഫാ. ഡിനോയ് മാത്യു കവളമ്മാക്കൽ, ബർസാർ റവ. ഫാ. ജോസഫ് മണിയൻചിറ പ്രോഗ്രാം കോഡിനേറ്റർ ഡോ. അനീഷ് തോമസ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ശ്രീമതി വിദ്യാ ജോസ്, ശ്രീ. ജിതിൻ ജോയ്, ഡോ. ടീന സെബാസ്റ്റ്യൻ, ഡോ. മിനി സെബാസ്റ്റ്യൻഎന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തിന്റെ ലൈവ് സ്ട്രീമിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ചിരുന്നു. സ്കിൽ കേരള ഗ്ലോബൽ സബ്മിറ്റ് രജിസ്ട്രേഷനുള്ള സൗകര്യവും കോളേജിൽ ഒരുക്കിയിരുന്നു.
കോളേജിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ഈ പരിപാടിയിൽ ആദ്യന്തം പങ്കെടുത്തു. കുറുവിലങ്ങാട്ടെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളും അധ്യാപകരും പ്രദർശനവിപണനമേളയിൽ സന്നിഹിതരായിരുന്നു.