വേമ്പനാട് സ്വിമ്മിംഗ് അക്കാദമിയുടെ വേനൽക്കാല നീന്തൽ പരിശീലന ക്ലാസ്സ് ഏപ്രിൽ 8ന് രാവിലെ 6.30ന് ആരംഭിച്ചു. തോട്ടുവക്കം പടിഞ്ഞാറേ പാലത്തിന് സമീപമുള്ള പെരുമശ്ശേരി നീന്തൽകുളത്തിൽ ആരംഭിച്ച ക്ലാസ് വൈക്കം നഗരസഭ കലാ, കായിക, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഡി രഞ്ജിത്ത് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈക്കം നഗരസഭ ചെയർമാൻ അബ്‌ദുൾ സലാം റാവുത്തർ ഉദ്ഘാടനകർമം നിർവഹിച്ചു.
ശ്രീമതി സീമ സുധീർ സ്വാഗതം ആശംസിച്ചു.ചടങ്ങിൽ പി ആർ ഓ രാഖി ആർ, ഗോപികുട്ടൻ, പരിശീലകൻ സിബിച്ചൻ എന്നിവർ പങ്കെടുത്തു. തുടർന്ന് പരിശീലകൻ കൊച്ചുമോന്റെ നേതൃത്വത്തിൽ നീന്തൽ അവബോധന ക്ലാസ്സ് നടന്നു.വേമ്പനാട് സ്വിമ്മിംഗ് അക്കാദമിക്ക് വേണ്ടി പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു നന്ദി രേഖപ്പെടുത്തി.
ജലസമൃദ്ധമായ കേരളത്തിൽ വ്യാപകമായി ഉണ്ടാകുന്ന മുങ്ങിമരണങ്ങളെ പ്രതിരോധിക്കുവാൻ 21 ദിവസത്തെ നീന്തൽ പരിശീലന ക്ലാസ്സാണ് അക്കാദമി സംഘടിപ്പിച്ചിരിക്കുന്നത്. ലഭ്യമായ കണക്കുകൾ പ്രകാരം ഓരോ വർഷവും ഏകദേശം 1000-ത്തിലധികം കുട്ടികളും യുവാക്കളും മുങ്ങിമരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ശാസ്ത്രീയമായി നീന്തൽ അഭ്യസിക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം.
ഈ സാഹചര്യത്തിൽ, ജീവൻ രക്ഷാ കഴിവുകൾ വികസിപ്പിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഈ പരിശീലനം വളരെ പ്രാധാന്യമുള്ളതാണ്. നീന്തൽ പഠനം സ്വയംരക്ഷയ്ക്കും, മറ്റുള്ളവരെ രക്ഷിക്കാനും, ആരോഗ്യകരമായ വ്യായാമത്തിനും, തൊഴിൽ സാധ്യതകൾക്കും സഹായകരമാണ്.രാവിലെയും വൈകിട്ടുമായി വിവിധ ബാച്ചുകളായിട്ടാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതാണ്.





