വെള്ളികുളം: വിഷരഹിത പച്ചക്കറിഉൽപാദനം ലക്ഷ്യം വെച്ചുകൊണ്ട് വെള്ളികുളം ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്ത് വിതരണം നടത്തി. ‘വിഷരഹിത പച്ചക്കറിയിലൂടെ വിഷവിമുക്ത ഗ്രാമം’ എന്ന ആശയത്തെ മുൻനിർത്തിക്കൊണ്ട് വെള്ളികുളം ഇടവകയിലെ എ.കെ.സി.സിയും മറ്റു സംഘടനകളും ചേർന്ന് നടപ്പിലാക്കുന്ന അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായിട്ടാണ് പച്ചക്കറി വിത്ത് വിതരണം സംഘടിപ്പിച്ചത്.
മാരകമായ വിഷം നിറഞ്ഞ പച്ചക്കറികൾ ഉപയോഗിക്കുന്നതുമൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ആണ് മനുഷ്യനെ കാർന്നു തിന്നുന്നത് . ഇത്തരം വിഷം നിറഞ്ഞ പച്ചക്കറികൾ യാതൊരു നിയന്ത്രണവും ഇല്ലാതെ ഉപയോഗിക്കുന്നത് കൊണ്ടാണ് ക്യാൻസർ പോലെയുള്ള മാരകരോഗങ്ങൾ മനുഷ്യനെ വേട്ടയാടുന്നത്.
ഇത്തരം സാഹചര്യത്തിൽ സ്വന്തം പുരയിടത്തിൽ തന്നെ ജൈവമാലിന്യം ഉപയോഗിച്ചുകൊണ്ട് പച്ചക്കറി തൈ നട്ടുവളർത്തി സ്വയം പര്യാപ്ത പച്ചക്കറി ഗ്രാമമാക്കി മാറ്റുക എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ടാണ് ” വീടിന് ഒരു അടുക്കളത്തോട്ടം ” എന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം പച്ചക്കറി വിത്ത് മേരിക്കുട്ടി വട്ടോത്തിന് നൽകി അടുക്കളത്തോട്ടം പരിപാടി ഉദ്ഘാടനം ചെയ്തു.അമൽ ഇഞ്ചയിൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ വാഴയിൽ ,ബിനോയി ഇലവുങ്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.