വാകക്കാട്: വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് മികവുത്സവത്തിന്റെ ഭാഗമായി റോബോട്ടിക് ആൻഡ് അനിമേഷൻ ഫെസ്റ്റ് ‘ടെക്ടെയിൽസ് – 2025’ നു തുടക്കം കുറിച്ചു. മികവുത്സവത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വിദഗ്ധയും മേലുകാവ് ഹെൻട്രിബേക്കർ കോളേജ് അസിസ്റ്റൻറ് പ്രൊഫസറുമായ ഡോ. ജിൻസി ദേവസ്യ നിർവഹിച്ചു.
നിർമ്മിത ബുദ്ധിയുടെയും റോബോട്ടുകളുടെയും കാലഘട്ടത്തിൽ സാങ്കേതികവിദ്യ വിവേചന ബുദ്ധിയോടെ കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് ശ്ലാഘനീയമായ പങ്കുവഹിക്കുന്നുവെന്ന് ഡോ. ജിൻസി അഭിപ്രായപ്പെട്ടു.
ലിറ്റിൽ കൈറ്റ്സ് ബാച്ച് 2023-26 കുട്ടികളുടെ നേതൃത്വത്തിൽ ആണ് സ്കൂൾ തലത്തിൽ മികവുത്സവം സംഘടിപ്പിച്ചത്. ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിനെക്കുറിച്ചുള്ളതും സ്കൂൾ തലത്തിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായ പ്രദർശനവും ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടായിരുന്നു.
ജില്ലാ ക്യാമ്പിൽ പങ്കെടുത്ത അജിത്ത് ജോസ് ആനിമേഷനിൽ നേടിയെടുത്ത അറിവുകൾ പ്രദർശിപ്പിച്ചു. വാകക്കാട് സെൻറ് പോൾസ് എൽപി സ്കൂളിലെ കുട്ടികൾ ലിറ്റിൽ കൈറ്റ്സ് പത്താം ക്ലാസ് കുട്ടികൾ ബ്ലോക്ക് പ്രോഗ്രാമിൽ തയ്യാറാക്കിയ വിവിധ ഗെയിമുകൾ പരിചയപ്പെടുകയും വളരെ ആവേശപൂർവം കളിക്കുകയും ചെയ്തു.
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്കായി കൈറ്റിൽ നിന്നും ലഭ്യമായിരിക്കുന്ന ആർഡിനോ കിറ്റിലെ ഉപകരണങ്ങൾ ഉപയോഗിച്ച് വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ കാഴ്ചവെച്ചു. കമ്പ്യൂട്ടറിൻ്റെ അനുബന്ധ ഭാഗങ്ങളും പ്രവർത്തനങ്ങളും പ്രദർശിപ്പിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വിവരണം നൽകി.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എട്ട്, ഒൻപത് ക്ലാസ്സുകളിൽ വച്ച് അനിമേഷൻ, മൊബൈൽ ആപ്പ് നിർമ്മാണം, നിർമ്മിതബുദ്ധി, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഡെസ്ക്ടോപ് പബ്ലിഷിങ്, ഗ്രാഫിക് ഡിസൈനിങ്, മീഡിയ ആന്റ് ഡോക്യുമെന്റേഷൻ, ബ്ലോക്ക് പ്രോഗ്രാമിങ് എന്നിവയില്‍ തങ്ങൾക്ക് ലഭിച്ച പ്രത്യേക പരിശീലനം വഴി നേടിയ മികവ് പ്രദർശിപ്പിച്ചു.

സ്കൂളിലെ മറ്റു വിദ്യാർത്ഥികൾക്കും പരിശീലനം കൊടുക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് ശ്രദ്ധ വയ്ക്കുന്നു. വ്യക്തിഗത പ്രകടനങ്ങൾ, ഗ്രൂപ്പ് അസൈൻമെൻറ്, സ്കൂളിലെ വിവിധ പ്രവർത്തനങ്ങളിലുള്ള ഇടപെടൽ, ഐസിടി മേഖലയിൽ സാമൂഹിക ഇടപെടൽ, വിവിധ തനത് പ്രവത്തനങ്ങൾ, ഡോക്യുമെൻ്റേഷൻ, ഡിജിറ്റൽ മാഗസിൻ, ന്യൂസ് തയ്യാറാക്കൽ എന്നിവയിലെല്ലാം സജീവമായി പങ്കെടുത്ത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രവർത്തന നിരതരാണ്.
യോഗത്തിൽ ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, കൈറ്റ് മാസ്റ്റർ മനു കെ ജോസ്, കൈറ്റ് മിസ്ട്രസ് ജൂലിയ അഗസ്റ്റിൻ, ജോസഫ് കെ വി, റോസ് മരിയ ഹാരിസൺ, ബിൻസാ മരിയ ജെന്നി, അദ്വൈത് ഷൈജു എന്നിവർ പ്രസംഗിച്ചു.