തീക്കോയി : മാലിന്യ മുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് തീക്കോയി ടൗൺ ഹരിത ടൗൺ ആയി ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി വ്യാപാരി വ്യവസായി പ്രതിനിധികളുടെയും ഓട്ടോ ടാക്സി തൊഴിലാളികളുടെയും സഹകരണത്തോടുകൂടി ടൗൺ സമ്പൂർണ്ണ മാലിന്യമുക്ത ടൗൺ ആയി മുന്നോട്ടു കൊണ്ടുപോകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു. എല്ലാ വ്യാപാരസ്ഥാപനങ്ങളിലും രണ്ടു ബിന്നുകൾ നിർബന്ധമാക്കി.
ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗണിൽ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചെടിച്ചട്ടികൾ സ്ഥാപിച്ചു. പ്രധാന ജംഗ്ഷനുകളിൽ ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ഭവനങ്ങളിലും ബയോ ബിന്നുകളും, പൊതുസ്ഥാപനങ്ങളിൽ ജീബിന്നുകളും നൽകി വരുന്നു.
പഞ്ചായത്ത് പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹരിത കേരളം മിഷൻ, ആർ ജി എസ് എ, കില തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് ഗ്രേഡിങ് നടത്തുകയും ന്യൂനതകൾ പരിഹരിച്ച് പഞ്ചായത്ത് ഹരിത വിദ്യാലയങ്ങൾ ആയി പ്രഖ്യാപിക്കുകയും ചെയ്തു.

അതോടൊപ്പം പഞ്ചായത്ത് എല്ലാ പൊതു സ്ഥാപനങ്ങളും ഗ്രേഡിങ് നടത്തി ഹരിത സ്ഥാപനങ്ങൾ ആയി പ്രഖ്യാപിക്കുകയുണ്ടായി. പഞ്ചായത്തിലെ 84 ഓളം അയൽക്കൂട്ടങ്ങളെ ഗ്രേഡിങ് നടത്തി ഹരിത അയൽക്കൂട്ടങ്ങൾ ആയി പ്രഖ്യാപിച്ചു.
ഗ്രാമപഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മാർമല അരുവി ടൂറിസ്റ്റ് കേന്ദ്രം ഹരിത ടൂറിസ കേന്ദ്രമായി പ്രഖ്യാപിച്ച് മാർമലയിൽ വിനോദസഞ്ചാരികൾക്ക് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും സുരക്ഷാ ജീവനക്കാരും ക്ലീനിംഗ് സ്റ്റാഫും ഉൾപ്പെടെയുള്ള ജീവനക്കാരെയും നിയോഗിച്ചിട്ടുമുണ്ട്.
ബയോ ടോയ്ലറ്റ്, സിസിടിവി ക്യാമറ, ടേക്ക് എ ബ്രേക്ക് എന്നീ പ്രോജക്ടുകൾ നിർമ്മാണ ഘട്ടത്തിലേക്ക് അടുക്കുകയാണ്. അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ മാലിന്യമുക്ത നവകേരളം പ്രഖ്യാപനത്തിനു മുന്നോടിയായി തീക്കോയി ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ഗ്രാമപഞ്ചായത്ത്.
തീക്കോയി പീപ്പിൾസ് ലൈബ്രറി ഹാളിൽ നടന്ന ഹരിത ടൗൺ പ്രഖ്യാപന മീറ്റിങ്ങിൽ പ്രസിഡന്റ് കെ സി ജെയിംസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയറാണി തോമസുകുട്ടി, അമ്മിണി തോമസ്, സിബി രഘുനാഥൻ, ദീപ സജി, സെക്രട്ടറി സജീഷ് എസ്, വി ഇ ഓമാരായ ആകാശ് ടോം, ടോമിൻ ജോർജ്, പ്ലാൻ ക്ലർക്ക് ബിജുമോൻ വി എം, ഹരിത കേരള മിഷൻ ആർ പി വിഷ്ണു,
വ്യാപാരി വ്യവസായി യൂണിറ്റ് സെക്രട്ടറി സജി മാറാമറ്റം, പീപ്പിൾസ് ലൈബ്രറി പ്രസിഡന്റ് ഷേർജി പുറപ്പന്താനം, ലൈബ്രറി ഭാരവാഹികളായ ജോയ്സി ഊട്ടുകുളം, ഹരി മണ്ണുമഠം, വ്യാപാരി വ്യവസായി പ്രതിനിധികളായ ജോസുകുട്ടി കല്ലൂർ, മാത്യു ചിറക്കൽ, സിഡിഎസ് ചെയർപേഴ്സൺ ഷേർളി ഡേവിഡ്, ഹരിതകർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.