തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ സമ്പൂർണമായി ഹൗസ് കണക്ഷനുകൾ നൽകി കുടിവെള്ളമെത്തിക്കുന്ന ജല്‍ജീവൻ മിഷൻ – മലങ്കര കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം കല്ലേകുളത്ത് നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു . ഗ്രാമപഞ്ചായത്തിലെ ഇരുപതോളം സ്ഥലങ്ങളിൽ ടാങ്കുകളും ബൂസ്റ്റിംഗ് പമ്പ് ഹൌസുകളും പമ്പിങ് ലൈനുകളുടെയും നിർമ്മാണമാണ് ആരംഭിച്ചിട്ടുള്ളത്.
82 കോടി രൂപയുടെ നിർമ്മാണ കരാർ ഹൈദരാബാദിലെ ഗ്രോമ ഇൻഫ്രാസ്ട്രക്ചർ കമ്പനിയാണ് ഏറ്റെടുത്തിട്ടുള്ളത്. പദ്ധതിയുമായി ബന്ധപ്പെട്ട് റോഡുകൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ ഈ പദ്ധതിയിൽ തന്നെ പെടുത്തി പരിഹരിക്കുമെന്നും നിർമ്മാണ പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ പൂർണ സഹകരണം ഉണ്ടാകണമെന്നും MLA ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
പദ്ധതിക്കാവശ്യമായ സ്ഥലങ്ങൾ ഗ്രാമപഞ്ചായത്ത് ലഭ്യമാക്കിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ശ്രീകല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ റ്റി കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന ഗോപാലൻ, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ ആനന്ദ് രാജൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി മെമ്പർമാരായ സിറിൽ റോയി, സിബി രഘുനാഥൻ, മാളു ബി മുരുകൻ, ദീപ സജി, അമ്മിണി തോമസ്, നജീമ പരികൊച്ച്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് സാമുവൽ തുടങ്ങിയവർ പ്രസംഗിച്ചു.