തീക്കോയി : കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീക്കോയി വില്ലേജ് പരിസ്ഥിതിലോല പ്രദേശമായി ഉൾപ്പെടുത്തികൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തിൽ തീക്കോയി വില്ലേജിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള തീക്കോയി ഗ്രാമപഞ്ചായത്തിന്റെ ആക്ഷേപം മുഖ്യമന്ത്രിക്ക് പ്രസിഡന്റ് കെ സി ജെയിംസ് , ചാൾസ് ജെ തയ്യിൽ എന്നിവർ ചേർന്ന് നൽകി.
ഒരു സെന്റ് വനപ്രദേശം പോലുമില്ലാത്ത തീക്കോയി വില്ലേജിനെ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിസ്ഥിതിലോല പ്രദേശപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻ ഗവൺമെന്റിന്റെ കാലത്ത് ഉമ്മൻ വി ഉമ്മന്റെ റിപ്പോർട്ടിന്റെയും വില്ലേജ് അടിസ്ഥാനത്തിലുള്ള അഞ്ച് അംഗ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും തീക്കോയി, മേലുകാവ് , പൂഞ്ഞാർ , കൂട്ടിക്കൽ എന്നീ വില്ലേജുകളെ പരിസ്ഥിതിലോല പ്രദേശങ്ങളിൽ നിന്നും ഒഴിവാക്കികൊണ്ടാണ് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നത്.
പിന്നീട് വന്ന പി എച്ച് കുര്യൻ റിപ്പോർട്ടിലും ടി വില്ലേജുകളെ ഒഴിവാക്കിയാണ് കേന്ദ്രത്തിന് റിപ്പോർട്ട് പോയിരുന്നത്. എന്നാൽ 31/07/2024 ലെ കരട് വിജ്ഞാപനത്തിൽ ടി വില്ലേജുകളെ ഇ എസ് എ ഗണത്തിൽ വീണ്ടും ഉൾപ്പെടുത്തി. ഇതിനെതിരെയാണ് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിനും മുഖ്യമന്ത്രിക്കും തീക്കോയി ഗ്രാമപഞ്ചായത്ത് ആക്ഷേപങ്ങൾ നല്കിയത്.