ഈരാറ്റുപേട്ട: പുതുവല്‍സരാഘോഷത്തിനായുള്ള യാത്രയ്ക്കിടെ അപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം അഗാധമായ കൊക്കയില്‍ നിന്നു മുകളിലെത്തിച്ചത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ. കുട്ടിക്കാനത്ത് നിര്‍ത്തിയിട്ട വാഹനത്തിന്റെ ഗിയറില്‍ അബദ്ധത്തില്‍ കൈ തട്ടിയതിനെത്തുടര്‍ന്നാണ് വാഹനം കൊക്കയിലേയ്ക്കു മറിഞ്ഞത്.
അപകടത്തില്‍ കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി ഫൈസലാണ് (27) മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30 ഓടെ നടന്ന അപകടത്തെത്തുടര്‍ന്ന് 11 ഓടെ ഈരാറ്റുപേട്ട ടീം നന്മക്കൂട്ടം സന്നദ്ധ സംഘം ജനറല്‍ സെക്രട്ടറിയ്ക്ക് വിളിയെത്തി. ഉടന്‍ തന്നെ അപകടം സംബന്ധിച്ച സന്ദേശം ടീം അംഗങ്ങള്‍ക്ക് കൈമാറി.
സന്നദ്ധ പ്രവര്‍ത്തനത്തിനുള്ള സര്‍വസന്നാഹങ്ങളുമായി ടീം അപകട സ്ഥലത്തേക്ക് കുതിച്ചു. അവിടെയെത്തിയപ്പോള്‍ പരസ്പരം തിരിച്ചറിയാനാവാത്തവിധം കോടമഞ്ഞും മരം കോച്ചുന്ന തണുപ്പുമായിരുന്നു.
ഒരുവേള അന്ധാളിച്ചു നിന്നെങ്കിലും എല്ലാവരും പ്രാര്‍ഥന നിര്‍വഹിച്ച് ഊര്‍ജം സംഭരിച്ച് ദൗത്യനിര്‍വഹണത്തിനായി ഇറങ്ങുകയായിരുന്നു. റോപ്പുകള്‍ ബന്ധിച്ച് അറുനൂറ് അടിയോളം താഴ്ചയുള്ള കൊക്കയിലേയ്ക്ക് ഊര്‍ന്നിറങ്ങി. കൂരിരുട്ടും ഭീമമായ പാറക്കൂട്ടങ്ങളും കനത്ത മഞ്ഞും കൂറ്റന്‍ മരങ്ങളും ദൗത്യനിര്‍വഹണത്തിന് തടസ്സങ്ങള്‍ സൃഷ്ടിച്ചു.
ഇവയെയെല്ലാം വകഞ്ഞുമാറ്റി ഹെഡ് ലൈറ്റിന്റെ (ടോര്‍ച്ച്) വെളിച്ചത്തില്‍ അവര്‍ മുന്നോട്ടുനീങ്ങി. ഏതാണ്ട് 350 അടി താഴെയെത്തിയപ്പോള്‍ യുവാവിന്റെ മൃതദേഹം കാണാന്‍ സാധിച്ചു. മറ്റൊരു റോപ്പിലൂടെ സ്ട്രച്ചറും ഇറക്കി. വളരെ പ്രയാസപ്പെട്ട് മൃതദേഹം സ്ട്രച്ചറിലാക്കി ബന്ധിച്ച് സാവധാനം ലക്ഷ്യത്തിലേക്ക് നീങ്ങി.
രണ്ടര മണിക്കൂര്‍ നീണ്ട സാഹസിക പ്രവര്‍ത്തനങ്ങളിലൂടെയാണ് മൃതദേഹം മുകളിലെത്തിച്ചത്. ഫയര്‍ഫോഴ്‌സ് സംഘവും സന്നദ്ധ സംഘടനകളും നാട്ടുകാരും നന്മക്കൂട്ടത്തോടൊപ്പം പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.